കുവൈത്ത് സിറ്റി > നിയമലംഘനങ്ങളിൽ കർശന സുരക്ഷാ പരിശോധന തുടർന്ന് കുവൈത്ത്. കഴിഞ്ഞദിവസം മൈതാൻ ഹവല്ലി ഏരിയയിൽ നടത്തിയ പരിശോധനയിൽ 1141 ട്രാഫിക് നിയമലംഘനം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, -ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഫഹദ് യൂസുഫ് സുഊദ് അസബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.
നിയമലംഘനം നടത്തിയ 24 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് എട്ട് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ, താമസ നിയമലംഘനത്തിന് അഞ്ചുപേരും ഒളിവിൽ പോയതിന് വാറന്റുള്ള മൂന്നുപേരും അറസ്റ്റ് വാറന്റുള്ള നാലുപേരും മയക്കുമരുന്ന് കൈവശം വച്ച ഒരാളും അസ്വാഭാവിക അവസ്ഥയിൽ കണ്ട ഒരാളും പിടിയിലായി. രാജ്യത്ത് സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിശോധന.
ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലംഘനങ്ങൾ അടിയന്തര നമ്പറായ 112 വഴി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകരെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് സമഗ്രമായ സുരക്ഷ, ട്രാഫിക് ക്യാമ്പയിൻ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയ ഫീൽഡ് ടീമുകൾ, സ്വകാര്യ സുരക്ഷ, പൊതു സുരക്ഷ, ട്രാഫിക് വിഭാഗം എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..