ഷാർജ> കേരളത്തിലെ ജനങ്ങളുടെ ആവേശവും ആശ്രയവുമായി പിണറായി സർക്കാർ മാറിയിട്ടുണ്ട് എന്നും ഉപതെരഞ്ഞെടുപ്പുകളിൽ ഈ മാറ്റം ഇടതുപക്ഷ സ്ഥാനാർഥികൾക്ക് അനുകൂലമാകും എന്നും പാലക്കാട് ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡോ. പി സരിൻ പറഞ്ഞു. യുഎഇയിലെ സാംസ്കാരിക സംഘടനയായ മാസ്, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാറിന്റെ ജനസമ്മതിയെ ഇല്ലാ കഥകൾ മെനഞ്ഞ് ദുർബലമാക്കാനാണ് മാധ്യമങ്ങളും വലതുപക്ഷ ചേരിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ വാടക പ്രചാരകർ രംഗത്ത് വരുമ്പോൾ ജാഗ്രതയോടെയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നാടിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് എന്നും, ആ കടമ നിർവഹിക്കാൻ എല്ലാവരെയും ചേർത്തുപിടിക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം മറ്റാരെക്കാളും ഇടതുപക്ഷത്തിനാണ് എന്നും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഷാർജയിൽ എത്തിയതായിരുന്നു ഇരുവരും.
സ്വീകരണ ചടങ്ങിൽ മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷയായി. മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുൾ ഹമീദ്, മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, ജോയിന്റ് സെക്രട്ടറി ഷമീർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..