ഷാർജ> അതിര് വിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ്. നിങ്ങൾ ഭൂത കാലത്തേക്ക് തിരിച്ചുപോകൂ അപ്പോൾ നിങ്ങൾ സന്തോഷവാനായിരിക്കും എന്ന് പറയുന്നത് പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം' എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണെന്നും . അത് പൊതുവായ അവസ്ഥയല്ല എന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
നമ്മൾ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് പോയ കാലത്തിന്റെ നഷ്ടപ്പെടലാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുക വയ്യ. 50 വർഷം മുമ്പ് നമുക്ക് ഇതിനേക്കാൾ നല്ല ഭാവി ഉണ്ടായിരുന്നു.അതുകൊണ്ട് ജനങ്ങൾ ഭൂതകാലത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നു. ചില യൂറോപ്യൻ രാജ്യങ്ങൾ സന്തോഷ സൂചകം ഏതെന്ന് കണ്ടെത്താനുള്ള സർവേ നടത്തുകയാണെന്നും ഗോഡ്‌സ്‌പോഡിനോവ് പറഞ്ഞു.
സാഹിത്യ ജീവിതത്തിന്റെ തുടക്കത്തിൽ കവിതകളാണ് എഴുതിയിരുന്നത്. കവിതകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ താൽപര്യം കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും കവിത ഇപ്പോഴും തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടോ മൂന്നോ വരികൾ മാത്രമുള്ള ചെറു കവിതകളോടാണ് പ്രിയം. പൗരസ്ത്യ രാജ്യങ്ങളിൽ നിന്നും 'സെൻ' കവിതകളിൽ നിന്നും പ്രചോദനം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണം പോലുള്ള പ്രമേയങ്ങളെ ആധാരമാക്കിയാണ് കവിതകൾ എഴുതിയിരുന്നത്. കവിതാ രചന ഗദ്യത്തെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ നോവലുകളിൽ താളം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഭ്രാന്തമായ വിചാരങ്ങൾ, അപരിചിതമായ ഇടനാഴികൾ, വ്യവസ്ഥിതിക്കപ്പുറമുള്ള കാര്യങ്ങൾ എന്നിവയാണ് തന്റെ നോവലുകളുടെ പ്രമേയം. ഇത് കവിതയുടെ സ്വാധീനത്തിൽ നിന്ന് ലഭിച്ചതാണെന്ന് ജോർജി പറയുന്നു.
'ദി ഫിസിക്സ് ഓഫ് സോറോ' എന്ന നോവൽ യഥാർഥ സംഭവത്തെ ആധാരമാക്കി എഴുതിയതാണ് എന്ന് ഗോഡ്‌സ്‌പോഡിനോവ് പറഞ്ഞു. തന്മയിഭാവമാണ് നോവലിന്റെ മുഖമുദ്ര.എക്സ്ട്രാ എമ്പതി സിൻഡ്രോം എന്ന അവസ്ഥ ചർച്ച ചെയ്യുന്ന നോവലാണിത്. തന്റെ പുസ്തകം ഇടനാഴികളുടേതും മടിച്ചുനിൽക്കലുകളുടേതുമാണ്.
ബുക്കർ സമ്മാനം കിട്ടിയ ശേഷമുള്ള പ്രധാന മാറ്റം എന്താണെന്നുള്ള ചോദ്യത്തിന് എഴുതാനുള്ള സമയം കിട്ടുന്നില്ല എന്ന നർമം കലർന്ന ഉത്തരമാണ് അദ്ദേഹം നൽകിയത്. ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നവരുമായി സംവദിക്കാൻ സാധിക്കുന്നു. ഇതെല്ലം വലിയ മാറ്റങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബൾഗേറിയൻ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഇപ്പോൾ പ്രസാധകർ മുന്നോട്ട് വരുന്നതാണ് ഏറ്റവും പ്രസക്തമായ മാറ്റമെന്നും ജോർജി ചൂണ്ടിക്കാട്ടി. ബുക്കർ കിട്ടിയ ശേഷം 10 യൂറോപ്യൻ ഭാഷകളിലേക്ക് തന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെടുകയാണ്. ഈ വർഷം തന്റെ പുസ്തകം സ്വീഡനിൽ പുറത്തിറങ്ങുന്നുണ്ട് . 47 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബൾഗേറിയൻ എഴുത്തുകാരന്റെ പുസ്തകം സ്വീഡനിൽ പ്രസിദ്ധീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..