22 December Sunday

ഗാസ വെടിനിർത്തൽ മാധ്യസ്ഥ്യം പിന്മാറിയിട്ടില്ല: ഖത്തർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ദോഹ> ഗാസയിൽ വെടിനിർത്തലിനായുള്ള മാധ്യസ്ഥ്യ ചർച്ചകളിൽനിന്ന് തങ്ങൾ പിന്മാറിയെന്ന്‌ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഖത്തർ വിദേശ മന്ത്രാലയം. ഹമാസിനോട് ഖത്തറിലെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വിദേശ മന്ത്രാലയ വക്താവ് ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.

ഹമാസും ഇസ്രയേലുമായുള്ള മാധ്യസ്ഥ്യ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്‌. ഇരുകക്ഷികളും വെടിനിർത്തലിനുള്ള താൽപ്പര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്നതുവരെയാണിത്‌. ഹമാസും ഇസ്രയേലും ആത്മാർഥമായി സഹകരിച്ചാൽ ചർച്ച തുടരും. മാധ്യസ്ഥ്യ ചർച്ചകളിൽനിന്ന് പിൻവാങ്ങുന്നുവെന്ന വാർത്തകൾ ശനിയാഴ്ച പ്രചരിച്ചതോടെയാണ് ഖത്തർ വിദേശമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. അവസാന വട്ട ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഖത്തർ മാധ്യസ്ഥ്യ ശ്രമങ്ങളിൽനിന്ന് താൽക്കാലികമായി പിന്മാറുമെന്ന് 10 ദിവസം മുമ്പ് നടന്ന ചർച്ചകൾക്കിടെ ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചിരുന്നതായി ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. എന്നാൽ, മാധ്യസ്ഥ്യതയിൽനിന്ന് പൂർണമായി പിന്മാറിയെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഹമാസ് ഓഫീസിന്റെ പ്രധാന ലക്ഷ്യം ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ആശയവിനിമയ ചാനലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യസ്ഥ്യ ശ്രമം താൽക്കാലികമായി നിർത്താനുള്ള ഖത്തറിന്റെ തീരുമാനം അറിയാമെന്ന്‌ ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഹമാസിനോട്‌ ഖത്തർ വിടണമെന്ന്‌ ആരും പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്‌. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഗാസയിൽ ആക്രമണം ആരംഭിച്ചശേഷം വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി ഇസ്രയേലിനും ഹമാസിനുമിടയിലുള്ള പ്രധാന മാധ്യസ്ഥ്യനാണ് ഖത്തർ. വെടിനിർത്തലിനായി നിരവധി തവണയാണ് ഖത്തർ ചർച്ച നടത്തിയത്.

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. യുഎസ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ്‌ നയം മാറ്റമെന്നാണ്‌ പറഞ്ഞിരുന്നത്‌. 2012 മുതൽ ഹമാസിന്റെ പൊളിറ്റിക്കൽ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌ ഖത്തർ തലസ്ഥാനമായ ദോഹയിലാണ്‌. ഹമാസ്‌ നേതാക്കളെ രാജ്യത്തുനിന്ന്‌ പുറത്താക്കാൻ ഖത്തറിനോട്‌ നിർദേശിക്കണം എന്നാവശ്യപ്പെട്ട്‌ റിപ്പബ്ലിക്കൻ പാർടിയുടെ 14 സെനറ്റർമാർ സ്‌റ്റേറ്റ്‌ ഡിപ്പാർട്‌മെന്റിന്‌ കത്ത്‌ നൽകിയിരുന്നു.

ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ

ഗാസ സിറ്റി> ഗാസയിലും ലബനനിലും ആക്രമണം കടുപ്പിച്ച്‌ ഇസ്രേയേൽ. ഞായറാഴ്‌ച വൈകിട്ടുവരെ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 51 പലസ്‌തീൻകാരെ കൊലപ്പെടുത്തി. 164പേർക്ക് പരിക്കേറ്റു.
ലബനനിലെ ജബെയിലിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം 20 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക്‌ പരിക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top