21 November Thursday

സൗദി സിനിമാ വ്യവസായം കുതിപ്പിന്റെ പാതയിൽ: വി കെ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

റിയാദ്> സൗദി അറേബ്യൻ സിനിമാ വ്യവസായം കുതിപ്പിന്റെ പാതയിലാണെന്നും നാം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നും സിനിമ നിരൂപകൻ വി കെ ജോസഫ്. ചരിത്രത്തെ മിത്തായും മിത്തിനെ ചരിത്രമായും അവതരിപ്പിച്ച്‌ ഇന്ത്യൻ സിനിമ പിന്നോട്ടുനടക്കുമ്പോൾ സൗദിയെ പോലുള്ള രാജ്യങ്ങൾ ഇതേ മാധ്യമത്തിന്റെ സാധ്യത മനസ്സിലാക്കി അതിവേഗം മുന്നോട്ട്‌ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ല സാംസ്‌കാരിക വേദി റിയാദിൽ ഒരുക്കിയ സ്വീകരണത്തിൽ ‘സിനിമയും വിമർശനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ, സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന വലിയ മാധ്യമമാണ്. ഫാസിസ്റ്റുകൾ ഇത്‌ നേരത്തെ തിരിച്ചറിട്ടുണ്ട്‌. ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം അതിന്റെ ഗുണഭോക്താക്കളാണ്. ഇന്ത്യയിലെ വർഗീയ ശക്തികളും അതേ പാത പിന്തുടരുകയാണ്. ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകൾക്കുമുമ്പേ വർഗീയ ശക്തികൾ പിടിമുറുക്കിയിട്ടുണ്ട്‌. ഇത് തുടക്കംമുതൽ ചൂണ്ടിക്കാണിച്ച തങ്ങളെ പോലുള്ളവരുടെ അമിത വായനയായി നിസ്സാരവൽക്കരിക്കുകയായിരുന്നു. എന്നാൽ, ഇന്ന് യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങി. അതേസമയം, സ്വാധീനങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ സ്വതന്ത്രമായി സിനിമ ചെയ്യാൻ പുതുതലമുറ തയ്യാറാക്കുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൗദി സാംസ്‌കാരിക മന്ത്രാലയവും ഫിലിം കമീഷനും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര നിരൂപക സമ്മേളനത്തിൽ പങ്കെടുക്കാനായാണ്‌ വി കെ ജോസഫ്‌ റിയാദിലെത്തിയത്‌.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചില്ല ഉപദേശക സമിതി അംഗം ഫൈസൽ ഗുരുവായൂർ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് സംസാരിച്ചു. കേളി കുടുംബവേദിയിലെ കുട്ടികളായ ഇസ ഐബ്രിസ്, ഇന്നിസ ഐബ്രിസ് എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വാഗതവും കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top