22 November Friday

നികുതി വെട്ടിപ്പ്; യുഎഇയിൽ ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 72.6 കോടി ഉൽപന്നങ്ങൾ

വിജേഷ് കാർത്തികേയൻUpdated: Sunday Aug 18, 2024

അബുദാബി > നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. രാജ്യവ്യാപകമായി കഴിഞ്ഞ 6 മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ പിടിച്ചത്. മുൻവർഷം ഇത് 88.9 ലക്ഷം ഉൽപ്പന്നങ്ങളായിരുന്നു. പിടിച്ചെടുത്തതിൽ 55.2 ലക്ഷം പായ്ക്കറ്റ് സിഗരറ്റും പുകയില ഉൽപന്നങ്ങളുണ്ട്.

നികുതി അടയ്ക്കാത്ത 17.4 ലക്ഷം ശീതളപാനീയങ്ങൾ, ഊർജ പാനീയങ്ങൾ, കോളകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത 1330 സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി. കഴിഞ്ഞ 6 മാസത്തിനിടെ 40,580 പരിശോധനകളാണ് എഫ്ടിഎ നടത്തിയത്. നികുതി നിയമങ്ങൾ പാലിക്കാൻ എല്ലാ നികുതിദായകരെയും പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിൽപനയിൽ ടാക്സ് ഇൻവോയിസ് നൽകുന്നത് നിർബന്ധമാണ്. നികുതി ഉൾപ്പടെയുള്ള വില പരസ്യപ്പെടുത്തണം. UAE വിപണിയിൽ വിൽപന നടത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും നികുതി ബാധകമാണ്. നികുതി വെട്ടിപ്പ് ഉൾപ്പടെ എല്ലാ നിയമലംഘനങ്ങൾക്കും കേസ് ഉണ്ടാവും.

നികുതി നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സമ്പൂർണ സംരക്ഷണം നൽകുകയാണെന്ന് എഫ്ടിഎ അറിയിച്ചു. പരിശോധനയിൽ മൊത്തം 6210 നിയമ ലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ 1740 നിയമലംഘന കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 256 ശതമാനത്തിന്റെ വർധന. 30710 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top