22 December Sunday

ലിറ്റിൽവേൾഡ് : കുവൈത്തിലെ ആദ്യ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കുവൈത്ത് സിറ്റി > വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യമായ ഭക്ഷണരുചികൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈത്തിലെ ആദ്യ സംരംഭത്തിന് തുടക്കമായി.  മിശിരിഫ് എക്സിബിഷൻ സെന്ട്രല് ഏരിയയിൽ ഹാൾ നമ്പർ 6 ന് സമീപത്തുള്ള പാർക്കിങ് ഏരിയയിൽ തുറസ്സായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് ഒരുക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മണിമുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 100 ദിവസം നീണ്ടുനിൽക്കുന്ന കുവൈത്തിലെ ആദ്യ രാജ്യാന്തര വ്യാപാരമേള മാർച്ച് ഒന്നിന് അവസാനിക്കും.

കുവൈത്ത് , ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, വിയറ്റ്നാം,  ഫിലിപ്പിൻസ് യൂറോപ്പ്, തുർക്കി, ഈജിപ്ത്, ജി സി സി  തുടങ്ങിയ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിന് തുടക്കമാവുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങൾ, കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത വിനോദങ്ങൾക്കായുള്ള വലിയ വിസ്തൃതിയുള്ള സ്ഥലവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. വിവിധ പവലിയനുകളിൽ അതാത് രാജ്യത്തിന്റെ തനത് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്.അതോടൊപ്പവും വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടൈൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ എന്നിവക്കുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ കാഴ്‌ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സർക്കാർ സംവിധാനമായ കുവൈത്ത്  ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.ഇരുപത്തിയഞ്ച് വർഷത്തോളം  ദുബായ് ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top