27 December Friday

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടയർ പ്ലാന്റ് നിർമിക്കാനൊരുങ്ങി സൗദി അറേബ്യ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

റിയാദ് > മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടയർ കമ്പനി നിർമിക്കുന്നതിനായി സൗദി അറേബ്യയിലെയും തായ്‌ലൻഡിലെയും കമ്പനികൾ തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. സൗദിയിലെ ബ്ലാക്ക് ആരോ ടയർ കമ്പനി (ബ്ലാറ്റ്‌കോ) തായ്‌ലൻഡിലെ ഗോൾഡൻ സ്റ്റാർ റബ്ബർ കമ്പനിയുമായി സഹകരിച്ച് 47 കോടി ഡോളർ മുതൽമുടക്കിലാണ്  മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടയർ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നത്.

ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് ഹസൻ അൽ ഹുവൈസിയുടെ സാന്നിധ്യത്തിൽ ബ്ലാറ്റ്‌കോ ചെയർമാൻ അബ്ദുല്ല അൽ വാഹിബിയും ഗോൾഡൻ സ്റ്റാർ റബ്ബർ ചെയർമാൻ അമീർ സഫറും കരാറിൽ  ഒപ്പുവച്ചു. ജുബൈലിനും യാമ്പുവിനുമുള്ള റോയൽ കമ്മീഷൻ്റെ കീഴിൽ യാമ്പുവിലാണ് പ്ലാൻ്റ് നിർമ്മിക്കുന്നത്. സൗദി അറേബ്യയും തായ്‌ലൻഡും തമ്മിലുള്ള വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സൗദി-തായ് ബിസിനസ് കൗൺസിലിൻ്റെ പിന്തുണയോടെയാണ് പങ്കാളിത്തം.

തുടക്കത്തിൽ  ചെറുകിട പാസഞ്ചർ വാഹനങ്ങൾക്കായി പ്രതിവർഷം 40 ലക്ഷം ടയറുകൾ ഉത്പാദിപ്പിക്കും. തുടർന്ന് വരും വർഷങ്ങളിൽ ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ ടയറുകൾ ഉൾപ്പെടെ പ്രതിവർഷം 60 ലക്ഷമായി ഉൽപ്പാദനം വിപുലീകരിക്കാനാണ് പദ്ധതി.
സൗദി അറേബ്യയുടെ വ്യാവസായിക ശേഷി വർധിപ്പിക്കുന്നതിനോടൊപ്പം പദ്ധതിയുടെ ഭാഗമായി 2000-ലധികം  തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് വിലയിരുത്തുന്നു. ടയർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതിദത്ത റബ്ബർ തായ്‌ലൻഡ് നൽകും. ലോകത്ത് ഏറ്റവും അധികം ടയറുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top