ദുബായ് > യുഎഇ ഗവൺമെന്റിന്റെ സഹിഷ്ണുതാവർഷാചരണത്തിന് പിന്തുണയേകി ഗ്ളോബേർസ് എന്റർടെയിന്റ്മെന്റും, ഓൾ കേരള കോളേജ് അലുമിനി ഫോറവും (ACKAF) സഹിഷ്ണുത മന്ത്രാലയവുമായി ചേർന്നൊരുക്കിയ സഹിഷ്ണുതാവർഷാചരണ പരിപാടികൾ ശ്രദ്ധ നേടി.
വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയ സഹിഷ്ണുതയുടെ പൂക്കളം ഗിന്നസ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. 51, 800 ചതുരശ്ര അടിയാണ് ലോകത്തിലെ ഏറ്റവും വലിയ ഈ പൂക്കളത്തിന്റെ വലുപ്പം. 42, 849.40 ചതുരശ്ര അടി വലിപ്പം ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഗിന്നസ് റെക്കോർഡ്. 180 രാജ്യങ്ങളിൽ നിന്നുള്ള 5000 വളണ്ടിയർമാരെയാണ് സംഘാടകർ ഇതിനായി കണ്ടിരുന്നത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച പൂക്കളം തയാറാക്കൽ രാത്രി ഏഴു മണിയോടെ അവസാനിച്ചു. ബാംഗ്ലൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ഡിഎച്ച്എൽ കൊറിയർ കമ്പനി വഴിയാണ് ഇതിനാവശ്യമായ പൂക്കൾ ദുബായിൽ എത്തിച്ചത്.
പൂക്കളുടെ പരവതാനി വിരിച്ച ശേഷം സഹിഷ്ണുതാ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഘോഷയാത്രയും, വിവിധ കലാപരിപാടികളും അരങ്ങേറി. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലാരൂപങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കലാരൂപങ്ങളും വൈവിധ്യം കൊണ്ട് ഘോഷയാത്രയിൽ ശ്രദ്ധേയമായി. കേരളത്തിൽ നിന്നുള്ള കലാരൂപങ്ങളും അവതരിപ്പിച്ചു. അക്കാഫിന്റെ ഭാരവാഹികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
വരുന്ന രണ്ടു ദിവസങ്ങളിലും ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. 23ന് വൈകിട്ട് യുഎഇയിലെ മന്ത്രിമാരടക്കം പങ്കെടുക്കുന്ന പൊതു ചടങ്ങും ഉണ്ടാകും. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ പൂക്കളം കാണുന്നതിന് എമിറേറ്റിലെ വിദ്യാലയങ്ങളിൽ നിന്നടക്കം ലക്ഷക്കണക്കിന് ആളുകൾ വരുന്ന രണ്ടു ദിവസങ്ങളിൽ എത്തിച്ചേരുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..