കുവൈത്ത് സിറ്റി > മലയാളം മിഷൻ ആഹ്വാനം ചെയ്ത വയനാടിനൊരു ഡോളർ ക്യാമ്പെയിന്റെ ഭാഗമായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3,17,000 രൂപ കൈമാറി. കല കുവൈത്ത് , എസ്.എം.സി.എ, സാരഥി കുവൈത്ത് , ഫ്രണ്ട്സ് ഓഫ് കണ്ണൂർ, എൻ.എസ്.എസ് കുവൈത്ത് , പൽപക്, കെ.കെ.സി.എ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും, ഭാഷാ പ്രവർത്തകരിൽ നിന്നുമാണ് തുക കണ്ടെത്തിയത്. ഓരോ ചാപ്റ്ററുകളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്. മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികളാണ് ക്യാമ്പയിനിന്റെ ഭാഗമായത്.
സഹജീവി സ്നേഹവും മാതൃ ദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ "വയനാടിനൊരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ദിവസം കൊണ്ട് നടന്ന ക്യാമ്പയിനിൽ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. മലയാളം മിഷൻ എല്ലാ ചാപ്റ്ററുകളിൽ നിന്നുമായി അരക്കോടി രൂപ(52,50677/₹) കണ്ടെത്തി. ചാപ്റ്ററുകളിൽ നിന്നും അയക്കുന്ന തുക ക്രോഡീകരിച്ചരേഖ മലയാളം മിഷൻ ഡയറക്ടർ ശ്രീ. മുരുകൻ കട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..