ദുബായ് > ദുബായിൽ വിദ്യാർത്ഥികൾക്കായി നോൾ കാർഡിന്റെ പുതിയ പാക്കേജ് അവതരിപ്പിച്ചു. പൊതുഗതാഗത സേവനങ്ങളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ് പുതിയ കാർഡ്. രാജ്യവ്യാപകമായി വിവിധ റീട്ടെയിൽ സ്റ്റോറുകളിൽ വിദ്യാർത്ഥികൾക്ക് പേയ്‌മെൻ്റുകൾക്കായും നോൾ കാർഡ് ഉപയോഗിക്കാം.
ദുബായ് ജൈറ്റെക്സ് ഗ്ലോബലിൻ്റെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പാക്കേജ് അവതരിപ്പിച്ചത്.
ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് ഐഡൻ്റിറ്റി കാർഡ് അസോസിയേഷൻ്റെ (ഐഎസ്‌സിഐ) സഹകരണത്തോടെയാണ് സംരംഭം.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് മെട്രോ, ട്രാം, ബസുകൾ, മറൈൻ ഗതാഗതം എന്നിവയുൾപ്പെടെ ആർടിഎയുടെ പൊതുഗതാഗത മാധ്യമങ്ങളിൽ ഇതുവഴി യാത്രാഇളവുകൾ ലഭിക്കും.
നോൽ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര വിദ്യാർത്ഥി തിരിച്ചറിയൽ കാർഡും വിദ്യാർത്ഥികൾക്ക് ലഭിക്കും. നോൽ പേ ആപ്പ് വഴി കാർഡിന് അപേക്ഷിക്കാം. ഫെബ്രുവരിയിൽ നടന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ട്രാൻസ്‌പോർട്ട് കോൺഗ്രസിലും എക്‌സിബിഷനിലും ഐഎസ്‌സിഐയുമായി ഒപ്പുവെച്ച കരാറിനെ തുടർന്നാണ് നോൾ സ്റ്റുഡൻ്റ് പാക്കേജിൻ്റെ സമാരംഭം..
ബാലൻസ് ടോപ്പ് അപ്പ് ചെയ്യുന്നതും ദൈനംദിന ചെലവുകൾ നിയന്ത്രിക്കുന്നതും ഉൾപ്പെടെ, കുട്ടികളുടെ അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ മാതാപിതാക്കളെ അനുവദിക്കുന്ന ഫീച്ചറുകൾ ഉൾപ്പെട്ട നോൾ സ്റ്റുഡൻ്റ് കാർഡിൻ്റെ നവീകരിച്ച പതിപ്പ് ഈ വർഷാവസാനം ആർ ടി എ അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..