22 December Sunday

വ്യാവസായിക വളർച്ചയിൽ റെക്കോഡ് നേട്ടവുമായി ഒമാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

മസ്‌ക്കറ്റ് > നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ കണക്കുകൾ പ്രകാരം 2024 ആദ്യ പാദത്തിൽ ഒമാൻ്റെ വ്യാവസായിക മേഖല 9.2 ശതമാനം വളർച്ച. ഉൽപ്പാദന മൂല്യം 871 മില്യൺ റിയാലിൽ നിന്ന് 951 മില്യൺ ആയി ഉയർന്നതായും, ഇത് ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കിൽ പത്തു ശതമാനം സംഭാവന ചെയ്യുന്നതായും കണക്കിൽ പറയുന്നു. രാസവ്യവസായ മേഖലയിൽ 317.8 മില്യണിൽ നിന്ന് 338.2 മില്ല്യൺ റിയാൽ എന്ന നിലയിൽ 6.4 ശതമാനം വളർച്ച കൈവരിച്ചു. മറ്റു നിർമ്മാണ വ്യവസായങ്ങൾ 513.1 മില്യൺ റിയാലിൽ നിന്നും 545.2 മില്യണിലേക്ക്, 6.3 ശതമാനം വളർച്ചയും നേടിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ് ഒമാന്റെ വ്യാവസായിക വളർച്ചയെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സലേഹ് ബിൻ സയീദ് മസാൻ പറഞ്ഞു. 2024 ആദ്യപാദത്തിൽ ആഗോളശരാശരി 0.9 ശതമാനം മാത്രം വളർച്ചാ നിരക്ക് കൈവരിച്ച ഘട്ടത്തിൽ, ഒമാനിലേത് അതിലും എത്രയോ മടങ്ങായിരുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻറെ റിപ്പോർട്ട് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പ്രാദേശിക സംഘർഷങ്ങൾ തുടങ്ങിയവ ആഗോള തലത്തിൽത്തന്നെ വ്യാവസായിക വളർച്ചയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാനി വ്യവസായികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും യോജിച്ചുള്ള പ്രയത്‌നമാണ് ഇപ്പോഴത്തെ വളർച്ചയ്ക്ക് കാരണമെന്നും, പ്രാദേശിക ഡിമാൻഡ് വർധിച്ചതും പുതിയ വിപണികളിലേക്കുള്ള കയറ്റുമതി വിപുലീകരണവുമാണ് വ്യാവസായിക മേഖലയുടെ വിജയമെന്നും അദ്ദേഹം വിശദീകരിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സ്വാംശീകരണം, മെച്ചപ്പെട്ട വിതരണ ശൃംഖലകൾ, തന്ത്രപരമായ നിക്ഷേപങ്ങൾ എന്നിവ മത്സരക്ഷമതയെ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാവസായിക മേഖലയുടെ ചട്ടക്കൂട് നവീകരിക്കാനുള്ള ഒമാൻ്റെ ശ്രമങ്ങൾ 2024 ലെ കൊമ്പാറ്റേറ്റീവ് ഇൻഡസ്ട്രിയൽ പെർഫോമൻസ് ഇൻഡക്സിൽ പ്രതിഫലിച്ചതായും, യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻറെ പുതുക്കിയ റാങ്കിംഗ് പ്രകാരം ആഗോളതലത്തിൽ 53-ാം സ്ഥാനത്തേയ്‌ക്കും പ്രാദേശികമായി നാലാം സ്ഥാനത്തേയ്ക്കും സുൽത്താനേറ്റ് ഉയർന്നതായും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top