മസ്‌ക്കറ്റ് > തദ്ദേശീയരായ അഭ്യസ്തവിദ്യർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നു വരുന്ന സ്വദേശിവൽക്കരണ നയം കൂടുതൽ വ്യാപകമായി നടപ്പാക്കാനുറച്ച് ഒമാൻ നിയമ മന്ത്രാലയത്തിൻറെ പുതിയ ഉത്തരവിറങ്ങി. ജൂലൈ ഓഗസ്ത് മാസങ്ങളിലായി നാല്പത്തിയഞ്ചോളം തൊഴിൽ മേഖലകളിൽ വിദേശ പൗരന്മാരെ പുതുതായി പരിഗണിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. വിദേശ തൊഴിൽ സേനയെ ഒഴിവാക്കി നിർത്തുന്ന കൂടുതൽ മേഖലകൾ ചേർത്തു കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഭക്ഷണ പദാർത്ഥങ്ങൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ശീതീകരണികൾ ഘടിപ്പിച്ചിട്ടുള്ള ട്രക്കുകളുടെ ഡ്രൈവർമാർ, കുടിവെള്ളവുമായി പോകുന്ന ട്രക്ക് ഡ്രൈവർമാർ, ഹോട്ടൽ റിസപ്‌ഷൻ മാനേജർ, ലൈഫ് ഗാർഡ്, ടൂറിസ്റ്റ് ഏജൻറ്, ട്രാവൽ ഏജൻറ്, റൂം സർവീസ് സൂപ്പർവൈസർ, ക്വളിറ്റി കൺട്രോളർ, ക്വളിറ്റി ഓഫീസർ, ക്വളിറ്റി സൂപ്പർവൈസർ, ഡ്രില്ലിംഗ് എൻജിനീയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ/ ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, മെക്കാനിക്ക്/ ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഡ്രില്ലിങ് മെഷർമെൻറ് എൻജിനീയർ, എയർക്രാഫ്റ്റ് ലോഡിംഗ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, ഷിപ്പ് ആംങ്കറിങ്, ലേബർ സൂപ്പർവൈസർ, ലോഡിങ് ആൻഡ് അൺലോഡിങ് സൂപ്പർവൈസർ, കൊമേർഷ്യൽ പ്രമോട്ടർ(സെയിൽസ് റെപ്രസെന്ററ്റീവ്), ഗുഡ്‌സ് അറേഞ്ച്മെൻറ്, ഫ്ലാറ്റ്‌ബെഡ് ക്രയിൻ ഡ്രൈവർ, ഫോർക്ലിഫ്റ്റ് ഓപ്പറേറ്റർ, ന്യൂ വെഹിക്കിൾ സെയിൽസ്മാൻ, യൂസ്‌ഡ് വെഹിക്കിൾ സെയിൽസ്മാൻ, ന്യൂ സ്പെയർപാർട്സ് സെയിൽസ്മാൻ, യൂസ്‌ഡ് സ്പെയർപാർട്സ് സെയിൽസ്മാൻ എന്നിങ്ങനെ മുപ്പതോളം തൊഴിൽ മേഖകളിൽ ഈ മാസം തന്നെ ഉത്തരവ് സാധുവായിരിക്കും.
ജനറൽ സിസ്റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്‌വർക്ക് സ്പെഷ്യലിസ്റ്റ്, മറൈൻ സൂപ്പർവൈസർ, വെസൽ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്‌നീഷ്യൻ എന്നീ മേഖലകളിൽ 2025 ജനുവരി ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവയിൽ 2026 ജനുവരി ഒന്നു തുടങ്ങിയും, വെബ്‌സൈറ്റ് ഡിസൈനർ, ഓപ്പറേഷൻസ് അനലിസ്റ്റ് എന്നീ മേഖലകളിൽ 2027 ജനുവരി ഒന്ന് മുതലും ഉത്തരവ് പ്രാബല്യത്തിലാകും.
വളരെയധികം ആശങ്കയോടെയാണ് പ്രവാസികൾ ഈ ഉത്തരവിനെ നോക്കിക്കാണുന്നത്. സ്വദേശിവൽക്കരണത്തിൽ നിന്ന് ഏറെ അകലെയെന്ന ധാരണയുണ്ടായിരുന്ന പ്രൊഫഷണൽ മേഖലകളിൽപ്പോലും വിദേശികളെ പരിഗണിക്കേണ്ടതില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ ആറു മാസത്തേയ്ക്ക് താൽക്കാലികമായിട്ടാണ് വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവിൽ അത്തരത്തിൽ സമയപരിധി പറഞ്ഞിട്ടില്ല. നിലവിൽ വിസാ കാലാവധിയുള്ളവർക്ക് വിസ പുതുക്കി നൽകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഈ വർഷാവസാനത്തോടെ 35000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കുക എന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം നീങ്ങുകയാണെന്ന് തൊഴിൽ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. എല്ലാ തൊഴിൽ മേഖലകളിലും മികച്ച പരിശീലനം ലഭിച്ച തദ്ദേശീയരെ അർഹമായ രീതിയിൽ പരിഗണിച്ച് രാജ്യപുനർനിർമ്മാണത്തിൽ അവരെ ഭാഗഭാക്കാകുകയാണ് ലക്ഷ്യമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..