മസ്‌ക്കറ്റ് > തുടർച്ചയായ രണ്ടാം വർഷവും നികുതിരഹിത- ജീവിതച്ചെലവ് ചുരുങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഒന്നാം സ്ഥാനത്ത്. യുണൈറ്റഡ് കിംഗ്‌ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ദാതാവായ വില്യം റസ്സൽ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളിലെ പ്രവാസികളെ ഉൾക്കൊള്ളുന്ന വിപുലമായ ശൃംഖല കമ്പനിക്കുണ്ട്. അന്താരാഷ്‌ട്ര ആരോഗ്യ ഇൻഷുറൻസ് വിദഗ്ധരുൾപ്പടെയുള്ള സംഘം നിരവധി മാനദണ്ഢങ്ങൾ പരിഗണിച്ച് തയ്യാറാക്കിയ പട്ടികയിലാണ് ഒമാൻ ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പട്ടികയിലും ഒമാൻ തന്നെയാണ് ഒന്നാമതെത്തിയിരുന്നത്.
പ്രവാസികൾ താമസം അന്വേഷിക്കുന്ന വേളയിൽ പരിഗണിക്കപ്പെടുന്ന നിരവധി ഘടകങ്ങളായ വിമാന യാത്രാച്ചെലവ്, ഫ്‌ളാറ്റ് വാടക, വൈദ്യുതി, വെള്ളം, പാചകവാതകം, പെട്രോൾ തുടങ്ങിയ നിത്യോപയോഗച്ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പരിഗണിക്കപ്പെടാവുന്ന രാജ്യമാണ് ഒമാനെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തിൽ 7.92 സ്‌കോർ നേടിയാണ് ഒമാൻ ഒന്നാമനായത്. സ്കോറിങ്ങിൽ പരിഗണിച്ച ഘടകങ്ങളിൽ മസ്‌കറ്റിലേക്കുള്ള ഒരു വൺ-വേ ഇക്കോണമി ടിക്കറ്റിൻ്റെ നിരക്ക്, ലണ്ടനിൽ നിന്ന് ഏകദേശം 227 യുഎസ് ഡോളറും ന്യൂയോർക്കിൽ നിന്ന് 492 യുഎസ് ഡോളറും ആയി കണ്ടെത്തി. പ്രതിമാസ ചെലവുകൾ പരിഗണിക്കുമ്പോൾ ഏകദേശം 103 യുഎസ് ഡോളറും, ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 2205 യുഎസ് ഡോളറുമാണെന്നും റിപ്പോർട്ടിലുണ്ട്.
കുവൈറ്റ്, ബഹ്‌റൈൻ, യു എ ഇ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ഒമാന് തൊട്ടുപിന്നിലെ റാങ്കുകളിലുള്ളത്. മാലദ്വീപ്, ഖത്തർ, ബഹാമാസ്, മൊണാക്കോ, കേമാൻ ദ്വീപുകൾ എന്നിവ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിലുണ്ട്. പത്തിൽ 6.49 സ്‌കോറോടെ കുവൈറ്റ് രണ്ടാമതെത്തി. രാജ്യത്തേക്കുള്ള വിമാനനിരക്കുകളുടെയും പ്രതിമാസ ചെലവുകളുടെയും കാര്യത്തിൽ രണ്ടാം സ്ഥാനവും കുവൈറ്റിനാണ്. പത്തിൽ 6.36 സ്‌കോർ നേടി ബഹ്‌റൈൻ കുവൈറ്റിന് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്. അപ്പാർട്ട്മെന്റുകൾ ഏറ്റവും വിലകുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈനെന്നും പ്രതിമാസ ചെലവുകളുടെ കാര്യത്തിൽ അഞ്ചാം സ്ഥാനമാണ് രാജ്യത്തിനെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവാസികളുടെ ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യം വനാറ്റു ആണെന്നും വില്യം റസ്സൽ റിപ്പോർട്ട് ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..