മസ്‌കത്ത്> ഒമാനിലെ വാദി അൽ കബീറിലുണ്ടായ വെടിവെപ്പിൽ ഇന്ത്യ, പാകിസ്ഥാൻ സ്ഥാനപതിമാരെ ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് മുസൽഹി, ജിസിസി റീജിയണൽ മേധാവി അൽ മസ്‌കാരി എന്നിവർ സന്ദർശിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒമാന്റെ പിന്തുണയും ഐക്യദാർഢ്യവും അധികൃതർ അറിയിച്ചു. ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിന് സ്ഥാനപതിമാർ നന്ദി പറഞ്ഞു.
തിങ്കളാഴ്ച രാത്രി പത്തോടെ ഒമാനിലെ വാദി അൽ കബീർ മസ്ജിദ് പരിസരത്ത് പ്രാർത്ഥനയിൽ പങ്കെടുത്തവർക്ക് നേരെ നടന്ന വെടിവെപ്പിൽ ഒരു പോലീസുകാരനും ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാൻ പൗരന്മാരുമടക്കം അഞ്ച് പ്രവാസികളും മൂന്ന് കുറ്റവാളികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടിരിന്നു. വിവിധ രാജ്യക്കാരായ 28 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആത്മാർഥമായ അനുശോചനവും ദുഃഖിതരായ കുടുംബങ്ങളോട് സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാനി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടലിൽ മരണപ്പെട്ട റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിൽ സ്ഥാനപതിമാർ അനുശോചനം രേഖപ്പെടുത്തി. ഒമാനുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൂർണ ഐക്യദാർഢ്യം അറിയിച്ച സ്ഥാനപതിമാർ സുൽത്താനേറ്റിന്റെ സുരക്ഷിതത്വവും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.
മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാൻ അലി ഹുസൈന്റെ കുടുംബത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. മകൻ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡർ കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. പരിക്കേറ്റ് മസ്‌കത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ മൂന്ന് പേരെയും മസ്‌കത്ത് എംബസി അധികൃതർ സന്ദർശിച്ചു.
വാദി അൽ കബീറിലുണ്ടായ വെടിവെപ്പിന് പുറകിൽ മൂന്ന് ഒമാനി സഹോദരങ്ങളായ പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കുറ്റവാളികളായ മൂന്ന് സഹോദരങ്ങൾ പട്ടാളവുമായി ഏറ്റുമുട്ടുന്നിതിനിടയിൽ കൊല്ലപ്പെട്ടു. തെറ്റായ ആശയങ്ങളാണ് ഇവരെ സ്വാധീനിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ വെളിപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..