27 December Friday

വിദേശികൾക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

മസ്‌കത്ത്‌ > വിദേശികൾക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. എക്‌സ്പാറ്റ് ഇൻസൈഡർ സർവേയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഒമാൻ. പനാമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 175 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള 12500 വിദേശികളിൽ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ ഫലം പുറത്തുവിട്ടത്‌. ജീവിതനിലവാരം, എളുപ്പത്തിൽ സ്ഥിരതാമസമാക്കൽ, ജോലി ചെയ്യാനുള്ള സൗകര്യം, വ്യക്തിഗത ധനകാര്യം, തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് സർവേ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.  

സ്വദേശികളും വിദേശികളും തമ്മിലുള്ള സൗഹൃദം, സ്ഥിരതാമസമാക്കൽ, വ്യക്തിഗത ധനകാര്യം, പരിസ്ഥിതി, സംസ്കാരം, സുരക്ഷ എന്നീ കാര്യങ്ങളിൽ ഒമാൻ ആദ്യ പതിനഞ്ചു സ്ഥാനത്താണ്. വിവിധ അന്തർദേശീയ ഏജൻസികളിൽ നിന്നും ഒമാന് ലഭിക്കുന്ന മികച്ച റാങ്കിങ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഏറെ സഹായകമായിട്ടുണ്ടെന്നു ഈയിടെ പുറത്തുവന്ന സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ വർഷം ആദ്യ പകുതി ആയപ്പോൾ രാജ്യം സന്ദർശിച്ചവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. 20 ലക്ഷത്തോളം വിദേശികളാണ് ഒമാൻ സന്ദർശിക്കാൻ എത്തിയത്.
 
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചു ഏഴ് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സന്ദർശകർ കൂടുതൽ യുഎഇയിൽ നിന്നാണ്.  അഞ്ചു ലക്ഷം യുഎഇ സ്വദേശികളാണ് ഈ കാലയളവിൽ ഒമാൻ സന്ദർശിച്ചത്. രണ്ടാമത് ഇന്ത്യയിൽ നിന്നുള്ളവരാണ്. മൂന്ന് ലക്ഷം പേരാണ് ഇതുവരെ ഒമാനിൽ സന്ദർശനത്തിന് എത്തിയത്. യമൻ, ജർമ്മൻ, ബ്രിട്ടൻ എന്നിങ്ങനെയാണ് അടുത്ത സ്ഥാനക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top