24 December Tuesday

ഒമാനിലെ വിസ മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഇനി ദിവസങ്ങൾ വേണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

മസ്കത്ത് > ഒമാനിൽ വിദേശികളുടെ റസിഡൻഡി പെർമിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കലിന് ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി വിസ മെഡിക്കൽ റിപ്പോർട്ടിനായി സമയമെടുക്കും. മുൻപ് 24 മണിക്കൂറിനുള്ളിൽ വിസ മെഡിക്കൽ ലഭിച്ചിരുന്നു. വിസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കലിനുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്ന് രാജ്യത്തെ വിസ മെഡിക്കൽ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.

വിസ മെഡിക്കൽ കൂടുതൽ സുതാര്യമാക്കുകയും പരിശോധനകൾ സൂഷ്മ പരിശോധനയിൽ ഉറപ്പുവരുത്തുകയും ചെയ്യാൻ അധികൃതർ വിവിധ പരിഷ്‌കരണങ്ങളാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പരിശോധനകളും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ച കൂടിയാണ് ഇപ്പോൾ നിലവിൽ വന്ന മെഡിക്കൽ റിപ്പോർട്ടിലെ കാലതാമസം.

ഒമാനിൽ പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും വിസാ മെഡിക്കലിന് ലാറ്റന്റ് ട്യൂബർകുലോസിസ് (ടി ബി) പരിശോധന അടുത്തിടെയാണ് നിർബന്ധമാക്കിയത്. ആളുകളിൽ മറഞ്ഞിരിക്കുന്ന ടിബിയെ പരിശോധനയിൽ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.

കൈത്തണ്ടയിൽ ട്യൂബർക്കുലിൻ സ്‌കിൻ ടെസ്റ്റ് വഴിയാണ് (ടി എസ് ടി) ടിബി കൃത്യമായി തിരിച്ചറിയാൻ സാധിക്കുക. വിസാ മെഡിക്കിലിന് അപേക്ഷിക്കുമ്പോൾ ഇനി ഇതും ചെയ്യേണ്ടതുണ്ട്. പരിശോധനാ ഫലത്തിൽ ടിബി പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയും ഇത് സർക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലെ ആരോഗ്യ വിദഗ്ധനെ കാണിക്കുകയും വേണം.

ഡോക്ടറുടെ പരിശോധനയിൽ ടിബിക്ക് ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തുന്ന ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും. അതേസമയം, ടി ബി പരിശോധനക്ക് പ്രത്യേകം നിരക്ക് നൽകേണ്ടതില്ല എന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വിസയ്ക്കും വിസ പുതുക്കുമ്പോഴും മെഡിക്കൽ പരിശോനക്കുള്ള നിരക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ഏകീകരിച്ചിരുന്നു. നിലവിൽ 30 റിയാലാണ് വിസാ മെഡിക്കലിന് ചെലവ് വരുന്നത്.

മെഡിക്കൽ എടുക്കുന്നതിനുള്ള അപേക്ഷ സനദ് സെന്ററുകൾ വഴി സമർപ്പിക്കണം. അതിന് ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തി വിസാ മെഡിക്കൽ പരിശോധന നടത്താം. ഇവിടെ പ്രത്യേകം തുക അടയ്‌ക്കേണ്ടിതില്ല. ടിബി പരിശോധനയും ഇതിൽ ഉൾപ്പെടും. പരിശോധന കഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് ദിവസത്തിനകം ഫലം ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top