22 December Sunday

ആരോഗ്യമേഖലയിലെ ഒമാൻ വിഷൻ; പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

മസ്‌ക്കറ്റ് > ഒമാനും ലോകാരോഗ്യ സംഘടനയും(ഡബ്ല്യു എച്ച് ഒ) തമ്മിലുള്ള സഹകരണം പ്രതീക്ഷ നൽകുന്നുവെന്ന് ഡബ്ല്യു എച്ച് ഒ പൂർവ്വ മെഡിറ്ററേനിയൻ മേഖലാ ഡയറക്ടർ ഡോ. ഹനാൻ ബൽക്കി അഭിപ്രായപ്പെട്ടു. ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുമായും ആരോഗ്യമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരുമായും അവർ സംവദിച്ചു. ഡോ സബ്തിയുമായുള്ള കൂടിക്കാഴ്ച തങ്ങളുടെ സംയുക്ത ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലായി മാറിയെന്നും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ പൂർണ്ണസഹകരണം അദ്ദേഹം ഉറപ്പു നൽകിയെന്നും പറഞ്ഞു.

റോയൽ ഹോസ്പിറ്റൽ, നാഷണൽ ഡയബറ്റിസ് ആൻഡ് എൻഡോക്രൈൻ സെൻ്റർ (എൻഡിഇസി) ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ ഡോ. ഹനാൻ സന്ദർശിച്ചു. പ്രോഗ്രാം മാനേജ്‌മെൻ്റ് റീജിയണൽ ഡയറക്ടർ ഡോ.ആദം ഇസ്മായിൽ അബ്ദുൽ മോനിം, ഒമാനിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ എന്നിവർ അവരെ അനുഗമിച്ചു. ഡബ്ല്യു എച്ച് ഒയുടെ 'പേഷ്യൻ്റ് സേഫ്റ്റി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ' പദ്ധതിയിൽ സജീവമായി പങ്കുകൊള്ളുന്നതിനും, പ്രതിരോധം, ചികിത്സ, രോഗികളുടെ സുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനും റോയൽ ഹോസ്പിറ്റൽ അധികൃതരെ അവർ അഭിനന്ദിച്ചു. മുൻകരുതലിൽ തുടങ്ങി ചികിത്സ, പുനരധിവാസം ഉൾപ്പെടെ പ്രമേഹ പരിചരണത്തോടുള്ള സമഗ്രമായ സമീപനത്തെ അധികരിച്ച് എൻഡിഇസി അധികാരികളുമായി അവർ ചർച്ചകൾ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റി വരെ സക്രിയമായി അർപ്പണബുദ്ധിയോടെ ഇടപെടുന്ന ആരോഗ്യപ്രവർത്തകരെ അവർ അഭിനന്ദിച്ചു. ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കുന്നതിൽ അവരുടെ പ്രതിബദ്ധത വളരെ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സുസ്ഥിര സേവനങ്ങളിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാൻ വിഷൻ 2040 മാർഗരേഖയിൽ വിഭാവനം ചെയ്തിട്ടുള്ള ആരോഗ്യമേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പൂർണ്ണ പിന്തുണ വാഗ്‌ദാനം ചെയ്യുന്നതായി അവർ പറഞ്ഞു.  

സലാലയിൽ നടന്ന പ്രഥമ ഒമാനി ആരോഗ്യ നഗരങ്ങളുടെ സമ്മേളനവും ഡോ.ഹനാൻ ഉദ്ഘാടനം ചെയ്തു. മേഖലയിലുടനീളമുള്ള വിദഗ്ദ്ധർക്ക് അവരുടെ മികച്ച പ്രവർത്തനരീതികൾ പങ്കിടുന്നതിനും, മാതൃകാ പദ്ധതികളുമായി മുന്നോട്ടു പോകുന്ന നഗരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി സമ്മേളനം മാറട്ടെ എന്നവർ ആശംസിച്ചു. 'സമഗ്ര സാമൂഹിക സമീപനം' എന്ന ആരോഗ്യമേഖലയിലെ ഒമാൻറെ പുരോഗമന കാഴ്ചപ്പാടിനെ ഡോ. ഹനാൻ പ്രശംസിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ചു കൊണ്ടും, ആരോഗ്യകരമായ നഗരം എന്ന സങ്കല്പമുൾക്കൊണ്ടു കൊണ്ടും മുന്നോട്ടു കുതിക്കുന്നതിൽ ഈ സമ്മേളനം ഒരു വഴികാട്ടിയാകുമെന്ന് അവർ പ്രത്യാശിച്ചു.

ദോഫാറിലെ പർവ്വതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖയ്‌റൂൺ ഹെയ്‌രിതി പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച ഡോക്ടർ, ദുർഘടമായ മേഖലയിലും ആവശ്യസേവനങ്ങൾ പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സഹകരിച്ചുള്ള ‘വാക്ക് ദ ടോക്ക്: ഹെൽത്ത് ഫോർ ഓൾ’ എന്ന പരിപാടിയിലും അവർ പങ്കെടുത്തു. പ്രായഭേദമന്യേ വലിയൊരു കൂട്ടം 'നടന്നുള്ള സംവാദ'ത്തിൽ പങ്കുകൊണ്ടു.

ഡോ ഹനന്റെ സന്ദർശനത്തോടെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സുൽത്താനേറ്റ് ഓഫ് ഒമാനും ലോകാരോഗ്യ സംഘടനയുമായി നിലവിലുള്ള പങ്കാളിത്തം ദൃഢപ്പെട്ടതായി ഒമാനിലെ ഡബ്ല്യു എച്ച് ഒ പ്രതിനിധി ഡോ. ​​ജീൻ ജബ്ബൂർ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെയും പ്രത്യേകിച്ച് ഒമാനിലെയും ആരോഗ്യ മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണുള്ളതെന്നും, ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സാമൂഹിക ക്ഷേമത്തിൽ  ഊന്നിക്കൊണ്ടുള്ള സാർവത്രിക ആരോഗ്യ പരിരക്ഷാ പങ്കാളിത്തവും പ്രതിബദ്ധതയും ലോകാരോഗ്യ സംഘടന തുടരുമെന്നും ഡോക്ടർ ഹനാൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top