മസ്‌ക്കറ്റ് > ഒമാൻ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മദിഹാ ബിൻത് അഹ്‌മദ് അൽ ഷൈബാനിയായുടെ രക്ഷാകർത്വത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു നടന്ന ആഘോഷവേളയിലാണ് പ്രഖ്യാപനമുണ്ടായത്.
പൊതു സ്വകാര്യ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ട് ഭിന്നശേഷി വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും, കഴിഞ്ഞ ഒരു വർഷക്കാലയളവിൽ വിവിധ മേഖലകളിൽ അവർ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സാമൂഹ്യക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നതായി, യോഗത്തിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രാലയത്തിലെ ഭിന്നശേഷി വിഭാഗം ഡയറക്ടർ ജനറൽ മൊഹമ്മദ് ബിൻ അഹമദ് മഹ്‌റൂഖി പറഞ്ഞു.
ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കൂടി ലക്ഷ്യമിടുന്ന നിരവധി നടപടികൾ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ടെന്നും, ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള പരമാവധി ആളുകളെ കണ്ടെത്തി അവർക്ക് അർഹമായ പരിഗണനകൾ നൽകി, അവരെ ശാക്തീകരിക്കുന്ന സമഗ്ര പദ്ധതിക്ക് ദാഹിറ ഗവർണറേറ്റിൽ തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാര മേഖലയിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയും ചെയ്യുക എന്ന സുപ്രധാന പദ്ധതിയും പരിഗണനയിലുണ്ട്.
2025 ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'സർഗാത്മക മത്സരങ്ങൾ' മന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പൊതു സമൂഹത്തിന് മുൻപാകെ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുന്ന നിലയിലാകും ഈ മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അവർ കൂട്ടിച്ചേർത്തു. കല-സാഹിത്യം-സംസ്ക്കാരം, സാങ്കേതികവിദ്യ, കായികം എന്നിങ്ങനെ മൂന്നു മുഖ്യ വിഭാഗങ്ങളിലായി രണ്ടു വർഷത്തിലൊരിക്കലാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ വിവിധ തുറകളിലുള്ള സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രചോദനമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, ഭിന്നശേഷിക്ഷേമ ദേശീയ സമിതിയുടെ സുപ്രധാനയോഗം, സമിതി ചെയപെഴ്സണും, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ. ലൈല ബിൻത് അഹമദ് അൽ നജ്ജാറിൻറെ അധ്യക്ഷതിയിൽ ചേർന്നിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 33 വിവിധ പദ്ധതികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്‌തെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വർഷം നോർത്ത് ബാത്തിനായിൽ നടക്കാനിരിക്കുന്ന ഭിന്നശേഷി ഫോറത്തിൻറെ രൂപരേഖയും യോഗം വിശകലനം ചെയ്തു. ഭിന്നശേഷി സൗഹൃദ തൊഴിലിടങ്ങൾ മെച്ചപ്പെടുത്തുനതിന്റെ ഭാഗമായി ബിസിനസ് ദാതാക്കളുടെയും, ജീവനക്കാരുടെയും ഒരു പരിശീലന ക്യാമ്പും പ്ലാൻ ചെയ്യുന്നുണ്ട്. 41000 പുരുഷന്മാരും, 28000 സ്ത്രീകളുമടക്കം മൊത്തം 69000 പൗരന്മാരാണ് ഈ വർഷം സെപ്റ്റംബർ വരെ ഭിന്നശേഷിപ്പട്ടികയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ദേശീയ സ്ഥിതിവിവര ഏജൻസി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..