മസ്കത്ത് > നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ ഒമാന്റെ മൊത്തം എണ്ണ ഉൽപാദനം 5.2 ശതമാനം ഇടിഞ്ഞ് 211.9 ദശലക്ഷം ബാരലായി. ക്രൂഡ് ഓയിൽ ഉൽപാദനം 2023 ലെ ആദ്യ ഏഴ് മാസങ്ങളിൽ 174.6 ദശലക്ഷം ബാരലിൽ നിന്ന് ഈ വർഷം 7.1 ശതമാനം ഇടിഞ്ഞ് 162.2 ദശലക്ഷം ബാരലായി. ഒമാന്റെ പ്രതിദിന ശരാശരി ഉൽപാദനം 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ 5.7 ശതമാനം കുറഞ്ഞ് പ്രതിദിനം 994,800 ബാരലായി (ബിപിഡി). മുൻ വർഷം ഇതേ കാലയളവിൽ ഇത് 1.054 ദശലക്ഷം ബിപിഡി ആയിരുന്നു. ജൂലൈ മാസത്തിലെ പ്രതിദിന ഉൽപാദനം 992,000 ബിപിഡി ആണ്.
ഒമാന്റെ ഹൈഡ്രോകാർബൺ മേഖലയിലെ ഉൽപാദനം 2024 ൽ മാറ്റമില്ലാതെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം ഗ്യാസ്, കണ്ടൻസേറ്റ് ഉല്പാദനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വർധനവും കൂട്ടിച്ചേർക്കുമ്പോൾ ഓയിൽ ഉല്പാദനത്തിലെ കുറവ് മറികടക്കാൻ രാജ്യത്തിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈഡ്രോകാർബൺ ഉൽപാദനത്തിലെ വർദ്ധനവ് 2025ലും 2026ലും ഒമാന്റെ മൊത്തത്തിലുള്ള വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ് ഈ വർഷം ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഈ വർഷം ജനുവരി-ജൂലൈ കാലയളവിൽ ഒമാൻ ക്രൂഡ് ബാരലിന് ശരാശരി 82.5 ഡോളറിനാണ് വില്പന നടത്തിയത്. ഇത് മുൻ വർഷത്തേതിൽ നിന്ന് 2.5 ശതമാനം വർദ്ധനവ് ആണ്. 2023ലെ ഇതേ കാലയളവിൽ ബാരലിന് ശരാശരി 80.49 ഡോളർ ആയിരുന്നു വില്പന വില. ഉൽപാദനത്തിൽ ഗണ്യമായ ഇടിവുണ്ടായിട്ടും 2024ലെ ആദ്യ ഏഴ് മാസങ്ങളിൽ ഒമാന്റെ എണ്ണ കയറ്റുമതി സ്ഥായിയായി തുടരുകയാണ്. മൊത്തം എണ്ണ കയറ്റുമതി ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ 0.05 ശതമാനം ഉയർന്ന് 179.03 ദശലക്ഷം ബാരലായി. ഒമാനി ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായ ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 2024 ലെ ആദ്യ ഏഴു മാസങ്ങളിൽ 4.8 ശതമാനം ഉയർന്ന് 171 ദശലക്ഷം ബാരലായി.
ജപ്പാനിലേക്കുള്ള ക്രൂഡ് കയറ്റുമതി 2024 ലെ ആദ്യ ഏഴു മാസങ്ങളിൽ 40 ശതമാനത്തിലധികം ഇടിഞ്ഞ് 3.45 ദശലക്ഷം ബാരലായി കുറഞ്ഞപ്പോൾ ദക്ഷിണ കൊറിയയിലേക്കുള്ള കയറ്റുമതി ഇതേ കാലയളവിൽ 28 ശതമാനം ഉയർന്ന് 2.5 ദശലക്ഷം ബാരലിലെത്തി. 2024 ജനുവരി-ജൂലൈ കാലയളവിൽ ഇന്ത്യയിലേക്കുള്ള ഒമാന്റെ എണ്ണ കയറ്റുമതി 63 ശതമാനം ഇടിഞ്ഞ് 1 ദശലക്ഷം ബാരലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..