മസ്‌കത്ത് > രാജ്യത്തിന്റെ 54–-ാം ദേശീയ ദിനം തിങ്കളാഴ്‌ച പ്രൗഡോജ്വലമായി ആഘോഷിച്ച് ഒമാൻ. സുൽത്താന്റെ പ്രത്യേക സേന അൽ സമൂദിന്റെ ഗ്രൗണ്ടിൽ നടന്ന സൈനിക പരേഡിൽ സേനയുടെ കമാൻഡർ കൂടിയായ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു. ഒമാൻ റോയൽ ആർമി, വ്യോമസേന, നാവികസേന, ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതീകാത്മക യൂണിറ്റുകളും ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് എന്നിവരും പരേഡിൽ പങ്കെടുത്തു. അധികാരമെറ്റെടുത്തശേഷം നാലാമത്തെ ദേശീയ ദിന പരേഡിനാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഇത്തവണ സാക്ഷ്യംവഹിച്ചത്.
ദേശീയ ദിനാഘോഷം നാടാകെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തോരണങ്ങളും ദേശീയ പതാകയും ബലൂണുകളും ഉപയോഗിച്ച് കെട്ടിടങ്ങൾ അലങ്കരിച്ചു. രാജ്യത്താകെ ചെറുതും വലുതുമായ നിരവധി പരിപാടികൾ നടന്നു. വിവിധ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടം എടുത്തുകാട്ടിയുള്ള പ്രദർശനകളും ചർച്ചകളും പ്രദർശിപ്പിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖുദിലും സലാലയിലെ ദോഫാർ ഗവർണറേറ്റിലും കരിമരുന്ന് പ്രയോഗം നടന്നു. പല വിലായത്തിലും വ്യത്യസ്‌ത പരിപാടികളും റാലികളും നടന്നു. സൊഹാറിൽ പാരമ്പര്യ തനിമ വിളിച്ചോതുന്ന നാടൻ കലാപ്രകടനങ്ങളും ഒമാനി തനിമയുള്ള പരിപാടികളും അരങ്ങേറി. തിങ്കളാഴ്‌ച പ്രവൃത്തി ദിവസമായതിനാൽ കൂടുതൽ ആഘോഷങ്ങൾ വരും അവധി ദിവസങ്ങളിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..