22 December Sunday

സുസ്ഥിര വികസന പാതയിൽ ഒമാൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

മസ്‌ക്കത്ത് > സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി നിർണ്ണയിക്കുന്ന വികസന സൂചികകളിൽ ഒമാൻ വലിയ മുന്നേറ്റം നടത്തിയെന്ന് ഗൾഫ് സഹോദര രാഷ്ട്ര സ്ഥിതിവിവരകേന്ദ്രം(ജിസിസി-സ്റ്റാറ്റ്) പറഞ്ഞു. ഒമാൻ വിഷൻ 2040 മുൻ നിർത്തിയുള്ള നിരവധി ആശയങ്ങളും അവയുടെ പ്രവർത്തന രൂപരേഖരേഖയും കർമ്മപദ്ധതികളും ഈ ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കുന്നതിന് ഒമാന് സഹായകമാകുന്നതായി നിരീക്ഷിച്ചു. വിവിധ മേഖകളിൽ അടിയന്തിരമായി പരിഗണിക്കേണ്ടവ ആ നിലയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം, ദീർഘകാലപദ്ധതികൾ കൂടി ആവിഷ്ക്കരിച്ചു മുന്നേറുന്ന പ്രായോഗിക സമീപനമാണ് ഒമാൻ സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഒമാന്റെ വികസന പരിശ്രമങ്ങൾ ഗൾഫ് സഹകരണ രാഷ്ട്രങ്ങളുടെ മൊത്തം നിലവാര സൂചികകളെ  വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ടെന്ന് ജിസിസി-സ്റ്റാറ്റിൻ്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

ജനസംഖ്യയിൽ മുഴുവനാളുകൾക്കും വീടും വൈദ്യുതി ലഭ്യതയും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. 99.8 ശതമാനം ജനങ്ങൾക്കും കൃത്യമായ ശുചിത്വമുറപ്പു വരുത്തിയ കുടിവെള്ള സൗകര്യം ലഭ്യമാണ്. സാമ്പത്തിക മേഖലയിലും ഒമാൻ സുപ്രധാന നേട്ടങ്ങൾ കൈവരിച്ചതായി കേന്ദ്രം വിലയിരുത്തി. 2023 ലെ കണക്കുകൾ പ്രകാരം സർക്കാർ മുടക്കു മുതൽ 30.185 ബില്യൺ യു എസ് ഡോളറായി ഉയരുകയും പ്രതിശീർഷ വരുമാനം ഒന്നര മടങ്ങ് വർദ്ധിക്കുകയും ചെയ്‌തു. എണ്ണയിതര മേഖലകളിൽ നിന്നുള്ള വാർഷിക വരുമാനം 64.2 ശതമാനമായി ഉയർത്താനും പണപ്പെരുപ്പ നിരക്ക് 0.9 ശതമാനത്തിൽ പിടിച്ചു നിർത്താനും സാധിച്ചു.

2024 ലെ സൈബർ സുരക്ഷാ സൂചികയിൽ അറബ് മേഖലയിൽ നിന്ന് ആഗോള തലത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്ര സാങ്കേതിക വിദ്യാ ബിരുദധാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ജീവിത നിലവാര സൂചികയിൽ ആഗോളതലത്തിൽത്തന്നെ എട്ടാം സ്ഥാനവും,വിദ്യാർത്ഥികളുടെ പഠനച്ചെലവിനു മുതൽമുടക്കുന്നതിനിൽ ഒൻപതാം സ്ഥാനവും ഒമാൻ നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുനരുപയോഗ ഊർജ്ജ ക്രമീകരണ സൂചികയിൽ ഒന്നാമതും പരിസ്ഥിതി പരിപാലനത്തിൽ രണ്ടാമതും വ്യവസായ മത്സര പ്രകടന സൂചികയിൽ നാലാമതുമാണ് മേഖലയിൽ ഒമാന്റെ സ്ഥാനം.

സുസ്ഥിര വികസനം, ദേശീയ തൊഴിൽ പദ്ധതി, ഡിജിറ്റൽ ഇക്കണോമി മാർഗരേഖ, വരുമാന ഉറവിടങ്ങളുടെ വൈവിധ്യവൽക്കരണം, കാർബൺ പുറന്തള്ളൽ നിശ്ശേഷം അവസാനിപ്പിക്കുക തുടങ്ങി ദേശീയ തലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 430 പരിപാടികൾ പത്താം പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായി ഒമാൻ സജ്ജമാക്കിയിട്ടുണ്ട്. ഗവർണറേറ്റുകളുടെ സമഗ്ര വികസനം. സാമൂഹിക സുരക്ഷാ ഫണ്ട്, ഫ്യൂച്ചർ ഫണ്ട് ഒമാൻ, ഗ്രീൻ ഹൈഡ്രജൻ സ്ട്രാറ്റജി എന്നിവയുൾപ്പെടെയുള്ള വികസന സംരംഭങ്ങളും സജീവ ചർച്ചയിലുണ്ട്.

16.7 മില്യൺ ബാരൽ പ്രതിദിന ഉൽപ്പാദനവും, 512 ബില്യൺ ബാരൽ ക്രൂഡോയിൽ റിസർവുമായി ആഗോള തലത്തിൽ എണ്ണയുൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജി സി സി രാജ്യങ്ങളാണ്. പ്രകൃതി വാതകത്തിൽ 63.5 ബില്യൺ ചതുരശ്ര മീറ്റർ ഉൽപ്പാദനത്തോടെ ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും,ആഗോള വാണിജ്യ കയറ്റുമതിയിൽ 823.1 ബില്യൺ ഡോളർ മൂല്യത്തോടെ നാലാം സ്ഥാനത്തും, വാണിജ്യ വിനിമയ മിച്ചത്തിൽ 163.7 ബില്യൺ ഡോളർ മൂല്യത്തോടെ നാലാം സ്ഥാനത്തുമാണ് ജി സി സി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top