മസ്‌ക്കത്ത് > ഒമാൻ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രാലയങ്ങളുടെയും മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വായനാ പരിപാടി പ്രഖ്യാപിച്ചു. ഒമാനിലുടനീളം വിദ്യാർഥികൾക്കിടയിൽ വായനാ സംസ്കാരം വളർത്തുക, ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുക, വിമർശനാത്മക ചിന്തകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
2024-25 അധ്യയന വർഷം മുഴുവൻ നടപ്പിലാക്കാൻ ക്രമപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വായനാമത്സരം ഉൾപ്പടെ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളിലെ ബൗദ്ധിക വളർച്ചയും വായാനാഭിമുഖ്യവും പരിപോഷിപ്പിക്കുക എന്നതാണ് ഈ പരിപാടികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
മാനവിക മൂല്യങ്ങളും സാമൂഹിക അവബോധവും വളർത്തിയെടുക്കുന്നതിൽ പുസ്തകങ്ങളുമായുള്ള സജീവമായ ഇടപഴകൽ പ്രധാനമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി അഭിപ്രായപ്പെട്ടു. വായന ദൈനംദിന ശീലമാക്കുക, വിദ്യാർത്ഥികളുടെ ഭാഷാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുക, വിമർശനാത്മക ചിന്തകൾ പരിപോഷിപ്പിക്കുക എന്നിവയാണ് പരിപാടികളുടെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വിഭാഗങ്ങളിലായാണ് വായനാ മത്സരം സംഘടിപ്പിക്കുക. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ നിന്ന് പങ്കെടുക്കുന്നവർ സ്കൂൾ തലത്തിൽ അറബിയിലുള്ള മൂന്ന് പുസ്തകങ്ങൾ വായിക്കുകയും അവയിൽ രണ്ടെണ്ണം സംഗ്രഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഗവർണറേറ്റ് തല മത്സരത്തിൽ എത്തുമ്പോൾ, അഞ്ച് പുസ്തകങ്ങൾ വായിക്കുകയും മൂന്നെണ്ണം സംഗ്രഹിക്കുകയും ചെയ്യണം. ദേശീയ തലത്തിൽ, ഏഴ് പുസ്തകങ്ങൾ വായിക്കുകയും നാലെണ്ണത്തിൻ്റെ സംഗ്രഹം നൽകുകയും വേണം.
എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്, വായനമത്സരത്തിലെ മാനദണ്ഡങ്ങൾ കുറേക്കൂടി വിപുലമാണ്. സ്കൂൾ തലത്തിൽ, പങ്കെടുക്കുന്നവർ കുറഞ്ഞത് 65 പേജുകളുള്ള മൂന്ന് പുസ്തകങ്ങളെങ്കിലും വായിച്ചിരിക്കണം. ഗവർണറേറ്റ് തലത്തിൽ, ആറ് പുസ്തകങ്ങൾ വായിക്കുകയും നാലെണ്ണം സംഗ്രഹിക്കുകയും ചെയ്യണം. ദേശീയ തലത്തിൽ, എട്ട് പുസ്തകങ്ങൾ വായിക്കാനും അഞ്ചിൻ്റെ സംഗ്രഹങ്ങൾ സമർപ്പിക്കാനും സാധിക്കണം.
പുസ്‌തക സംഗ്രഹങ്ങൾ, പുസ്‌തകത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ, അതിൻ്റെ പ്രധാന ആശയങ്ങൾ, വിദ്യാർത്ഥിയുടെ വീക്ഷണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നിർദ്ദിഷ്ട മാതൃകയിലാണ് മത്സര അപേക്ഷകൾ സമർപ്പിക്കേണ്ടത്. സ്കൂൾ, ഗവർണറേറ്റ് തല മത്സരങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 44 പേർക്ക് ദേശീയ തല മത്സരത്തിൽ പങ്കെടുക്കാം. അതിൽ നിന്നും 11 ഫൈനലിസ്റ്റുകളെ കണ്ടെത്തുകയും അവരെ ഉൾപ്പെടുത്തി മെഗാ ഫൈനൽ നടത്തി അവസാന വിജയികളെ തീരുമാനിക്കുകയും ചെയ്യും.
മത്സര വിജയികളെ 2025ലെ മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രഖ്യാപിക്കും.
വിമർശനാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും, ആഗോള മത്സരങ്ങളും വെല്ലുവിളികളും നിറഞ്ഞ വരും കാലത്തെ, സധൈര്യം അഭിസംബോധന ചെയ്യത്തക്ക വിധത്തിൽ ആയുഷ്‌ക്കാല പഠിതാക്കളായി പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുന്നതിൽ ഒമാൻ്റെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, വിദ്യാർഥി സമൂഹത്തോടൊപ്പം പൊതുജനങ്ങളും ഈ സന്ദേശമുൾക്കൊണ്ട് പദ്ധതിയുടെ ഭാഗമാകണമെന്നും സംയുക്ത സംഘാടക സമിതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..