ഹൂസ്റ്റൺ > മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആതിഥേയത്വം വഹിച്ച ഓണാഘോഷ പരിപാടിയിൽ 1700ലധികം പേർ പങ്കെടുത്തു.
പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ചെണ്ടമേളം തിരുവാതിര മാർഗംകളി മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പ്, കളരിപ്പയറ്റ് ഇങ്ങനെയുള്ള പരിപാടികളിലൂടെ ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, അസോസിയേഷൻ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.
കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ എല്ലാവരും പരിപാടികൾ ആസ്വദിച്ചു. കേരളീയ പാചകരീതിയിൽ പ്രാവീണ്യമുള്ള വിദഗ്ധരായ പാചകക്കാർ തയ്യാറാക്കിയ ഭക്ഷണം കേരളത്തിലെ ഓണസദ്യകളെ അനുസ്മരിപ്പിക്കുന്ന രുചികളും സുഗന്ധങ്ങളും ഘടനകളും സമന്വയിപ്പിച്ചു. MAGH പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പരിപാടിയുടെ പ്രാധാന്യം എടുത്തു പറയുകയും അസോസിയേഷൻറെ തുടർന്നുള്ള വളർച്ചയിൽ ഹൂസ്റ്റൺ സമൂഹത്തിലെ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
മാഗിന്റെ മുന്നോട്ടുള്ള വളർച്ചയുടെ ഭാഗമായി മാഗിന്റെ ആസ്ഥാന മന്ദിരമായ കേരള ഹൗസ് എപ്പോൾ ഇരിക്കുന്ന സ്ഥലത്തിന് ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ സ്ഥലം വാങ്ങുന്നതിൻ്റെ പ്രയോജനത്തെപ്പറ്റിയും അതുവഴി ഹൂസ്റ്റണിലുള്ള കേരളീയ സമൂഹത്തിനുള്ള പ്രയോജനത്തെപ്പറ്റിയും സെക്രട്ടറി സുബിൻ കുമാരൻ തന്റെ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.
വിശിഷ്ട അതിഥിയായി കടന്നുവന്ന മലയാളം സിനി ആർട്ടിസ്റ്റ് ശ്വേതാ മേനോൻ ഹൂസ്റ്റണിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും മാഗ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കയും കർഷകശ്രീ അവാർഡിന് അർഹരായവരെ ആദരിക്കുകയും ചെയ്തു.
ഹൂസ്റ്റണിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ്മാരായ സുരേന്ദ്രൻ കെ പാട്ടേൽ, ജൂലി മാത്യു എന്നിവരും മാഗിൻ്റെ ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും മാഗ് ട്രസ്റ്റി ജോസ് കെ ജോൺ നന്ദി അറിയിക്കയും ചെയ്തു.
2024 ലെ മാഗിന്റെ മെഗാ ഓണാഘോഷ പരിപാടികളും, റെക്കോർഡ് ബ്രേക്കിംഗ് സദ്യയും ഹൂസ്‌റ്റൺ നഗരത്തിലെ മലയാളി സമൂഹത്തിൻറെ പരിപാടികൾക്ക് ഒരു പുതിയ മാനദണ്ഡമാണ് കൈവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..