അബുദാബി > അബുദാബി കേരള സോഷ്യൽ സെന്ററും അക്ഷരക്കൂട്ടവും സംയുക്തമായി ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റിന്റെയും യുഎഇയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നത്.
ഞായർ രാവിലെ 9 മണിക്ക് കേരള സോഷ്യൽ സെന്ററിൽ ആരംഭിക്കുന്ന ശില്പശാല പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ്പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. 'ഒരു നോവൽ എങ്ങിനെ തുടങ്ങുന്നു' എന്ന ശീർഷകത്തിൽ തുടങ്ങുന്ന നോവൽ ശില്പശാലയിൽ അശോകൻ ചരുവിൽ വിഷയം അവതരിപ്പിക്കും. ഇ കെ ദിനേശൻ മോഡറേറ്ററായിരിക്കും. കവിതയെ അധികരിച്ച് നടക്കുന്ന ശില്പശാലയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. കുഴൂർ വിത്സൻ, കമറുദ്ദീൻ ആമയം, പി ശിവപ്രസാദ് എന്നിവർ പങ്കെടുക്കുന്ന ശില്പശാല നാസർ വിളഭാഗം നിയന്ത്രിക്കും.
'പ്രമേയത്തിലേക്കുള്ള വേറിട്ട വഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചെറുകഥ ശില്പശാലയിൽ അശോകൻ ചരുവിൽ, സ്മിത നെരവത്ത് എന്നിവർ സംസാരിക്കും. വെള്ളിയോടൻ മോഡറേറ്ററായിരിക്കും. റേഡിയൊ, മൈഗ്രേഷൻ ആന്റ് മോഡേനിറ്റി എന്ന സെഷനിൽ ശബ്ദം സഞ്ചരിച്ച ദൂരങ്ങൾ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ശില്പശാലയിൽ കുഴൂർ വിത്സൻ, കെ പി കെ വേങ്ങര, സർജു ചാത്തന്നൂർ എന്നിവർ സംസാരിക്കും. ഒമർ ഷരീഫ് മോഡറേറ്ററായിരിക്കും.
സമാപന സമ്മേളനത്തിൽ ഈ വർഷത്തെ വയലാർ അവാർഡ് നേടിയ അശോകൻ ചരുവിലിനെ കേരള സോഷ്യൽ സെന്റർ ആദരിക്കും. പരിപാടി അറബ് കവി ഖാലിദ് അൽ ബദൂർ ഉദ്ഘാടനം ചെയ്യും. കവി റഫീഖ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സാമൂഹ്യ സാംസകാരിക രംഗത്തുള്ള നിരവധിപേർ സംബന്ധിക്കുമെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യവിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, അക്ഷരക്കൂട്ടം സ്വാഗതസംഘം ചെയർമാൻ ഇ കെ ദിനേശൻ എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..