മസ്‌ക്കത്ത് > ഒമാൻ സന്ദർശനം നടത്തുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് സെക്രട്ടറി ജനറൽ ഹൈതം ഫൈസൽ അൽ ഗൈസിനേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തേയും ഒമാൻ മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് ഞായറാഴ്ച സ്വീകരിച്ചു. യോഗത്തിൽ ഊർജ-ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം നാസിർ അൽ ഔഫി സന്നിഹിതനായിരുന്നു.
അംഗരാജ്യങ്ങളുടെ പെട്രോളിയം നയങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലുമുള്ള ഒപെക്കിൻ്റെ പങ്കിനെ ഒമാൻ അഭിനന്ദിക്കുന്നുവെന്ന് സയ്യിദ് ഫഹദ് യോഗത്തിൽ പറഞ്ഞു. ഒപെക് രാജ്യങ്ങളും, അതിൽ അംഗമല്ലാത്ത രാജ്യങ്ങളും(ഒപെക് +) തമ്മിലുള്ള സഖ്യം സ്ഥാപിക്കുന്നതിൽ ഒമാൻ ക്രിയാത്മകമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ആഗോള എണ്ണ വിപണിയിൽ സുസ്ഥിരത കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാൻ സംഘടനയുമായി ഒമാൻ നടത്തുന്ന സഹകരണം പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒമാൻ സർക്കാരും ഒപെക്കും തമ്മിലുള്ള സഹകരണത്തിൻ്റെ വിവിധ വശങ്ങൾ യോഗം അവലോകനം ചെയ്തു.
ഒപെക്കിൻ്റെ പ്രയത്‌നങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഒമാൻറെ നിലപാടിന് ഒപെക് സെക്രട്ടറി ജനറൽ നന്ദി അറിയിച്ചു. ഒപെക് യോഗങ്ങളിൽ സവിശേഷമായ സ്ഥാനമാണ് ഒമാനുള്ളതെന്നും, മേഖലയിലെ എണ്ണവിപണിയുമായി ബന്ധപ്പെട്ട നയങ്ങൾ ഏകോപിപ്പിക്കുന്നതിൽ സുൽത്താനേറ്റിന്റെ മാർഗനിർദേശങ്ങൾ നിർണ്ണായകമാണെന്നും സെക്രട്ടറി വിശദീകരിച്ചു. വ്യത്യസ്‍ത മേഖലകളിൽ സുൽത്താനേറ്റ് കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഈ സന്ദർശനം സുപ്രധാന പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..