22 December Sunday

റിയാദില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

റിയാദ്>  അല്‍ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചു. യു പി സ്വദേശിക്ക് പരിക്കേറ്റു. വളപ്പില്‍ തപസ്യ  വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് സനയ്യായില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ  പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

 തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍  പൊള്ളലേറ്റ രണ്ടുപേരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ശരതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യു പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

2019ല്‍ സൗദിയില്‍ എത്തിയ ശരത്കുമാര്‍ സ്‌പോണ്‍സറുടെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.രണ്ട് മാസം മുന്‍പാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്.അവിവാഹിതനാണ്.സഹോദരി ശില്‍പ ശശാങ്കന്‍ റിയാദില്‍ നഴ്‌സായി ജോലി ചെയ്യുന്നുണ്ട്.

കിങ് സൗദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം  ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ അതിവേഗം  പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസ്സില്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗം വീട്ടില്‍എത്തിക്കുകയും വീട്ടു വളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top