മസ്‌കത്ത് > ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധനം വരുന്നു. സെപ്തംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഒമാൻ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരിൽ നിന്ന് 1,000 റിയാൽ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.
'പ്ലാസ്റ്റിക് ഫ്രീ ഒമാൻ ' നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് നിരോധനം. ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കാനാണ് നീക്കം. ജൂലായ് ഒന്ന് മുതൽ തന്നെ ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.
ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ഭാഗുകൾ ഇല്ലാതാക്കുക. 2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റും എന്നാണ് അധികൃതർ പറയുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കും.
കുറ്റം ആവർത്തിക്കുന്നവരുടെ മേൽ പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു. രാജ്യത്തെ പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് വിവിധ സർക്കാർ വിഭാഗങ്ങളുടെ നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..