മനാമ> ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയ പ്രതിഭ സെന്ററിൽ നടന്നു. കേരള പര്യടനം ‘എന്ന പേരിൽ ബഹ്റൈനിലെ മുഴുവൻ പാഠശാലകളിലെയും വിദ്യാർഥികളും രക്ഷിതാക്കളുമടങ്ങുന്ന ടീമുകൾക്കായി ‘ഫാമിലി ക്വിസ് നടത്തി. അനീഷ് നിർമലൻ ക്വിസ് മാസ്റ്ററായി. ബികെഎസ് പാഠശാലയിലെ പൗർണമി ബോബിയും ശ്രീജ ബോബിയും ഒന്നാംസ്ഥാനവും മേധ മുകേഷും മുകേഷ് കിഴക്കേ മാങ്ങാട്ടില്ലവും രണ്ടാംസ്ഥാനവും നേടി. പ്രതിഭ പാഠശാലയിലെ ഡാരിയ റോസിനും ഡിന്റോ ഡേവിഡിനുമാണ് മൂന്നാംസ്ഥാനം.
ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരിയുമായ സി വി നാരായണൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. പാഠശാല കോഓർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷനായി. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സംസാരിച്ചു. ഭാഷ പ്രതിജ്ഞ, പ്രസംഗം, പ്രതിഭ പാഠശാലയിലെ റിഫ മനാമ ക്യാമ്പസുകളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച സംഘനൃത്തം, നാടകം, ഒപ്പന, നാടൻപ്പാട്ട്, സംഗീത ശിൽപ്പം, ഫ്യൂഷൻ ഡാൻസ്, കവിത രംഗാവിഷ്‌കാരം, കേരള ഷോ, സംഘഗാനം എന്നിവ അരങ്ങേറി. പ്രതിഭ പാഠശാല കൺവീനർ വി ടി ബാബു സ്വാഗതവും പ്രോഗ്രാം കൺവീനർ ജയേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..