ദുബായ് > ഇനി എത്ര വലിയ മഴ പെയ്താലും പ്രളയം വന്നാലും ദുബായ് മെട്രോ സര്‍വീസുകള്‍ തടസ്സപ്പെടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ അത്ഭുതപൂർവമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതിയ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതോടെയാണിത്. അന്നുണ്ടായ പ്രളയത്തില്‍ ദുബായ് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ദുബായിലെ അടിസ്ഥാന സൗകര്യങ്ങള്‍ പലതിലും വെള്ളം കയറി സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭാവിയില്‍ ഇത്തരം തടസ്സങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ദുബായ് മെട്രോയുടെ നിലവിലുള്ള ചുവപ്പ് , ഹരിത ലൈനുകളിലോ 2029 സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന നില ലൈനിലോ വെള്ളപ്പൊക്കം മൂലമുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഭാവിയെ കൂടി മുന്‍കൂട്ടി കണ്ടുള്ള മികച്ച പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് മെട്രോ രൂപകല്‍പ്പനയിലെ അപാകത മൂലമല്ല. ഞങ്ങള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍വമായ സംഭവമാണ് അന്നുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 250 മില്ലീമീറ്ററില്‍ മഴപെയ്യുന്ന നമ്മുടെയൊക്കം ജീവിതത്തില്‍ ആദ്യമായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..