21 November Thursday

ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ ഖത്തര്‍ ഹിതപരിശോധന നടത്തും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മനാമ: ഖത്തറില്‍ ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്ന നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള ഭരണഘടനാ ഭേദഗതികളില്‍ രാജ്യത്തെ പൗരന്‍മാരുടെ അഭിപ്രായം തേടി ഖത്തർ. ഇതിനായി ഹിതപരിശോധന നടത്തുമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. ഷൂറാ കൗണ്‍സിലിന്റെ 53-ാമത് വാര്‍ഷിക സമ്മേളനം അഭിസംബോധനം ചെയ്യുകയായിരുന്നു അമീര്‍.


തെരഞ്ഞെടുപ്പിന് പകരം കൗണ്‍സില്‍ അംഗങ്ങളെ നേരിട്ട് നിയമിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യും. ഇതിനായി  മന്ത്രിമാരുടെ കൗണ്‍സിലിന് ആവശ്യമായ നിര്‍ദേശം നല്‍കി. ഇവരുടെ നിര്‍ദേശം അവലോകനം ചെയ്ത് ഹിതപരിശോധനക്ക് വിധേയമാക്കുമെന്നും അമീര്‍ വ്യക്തമാക്കി.
ഷൂറ കൗണ്‍സില്‍ ജനാധിപത്യ സംവിധാനത്തിലുള്ള ഒരു പ്രതിനിധി സഭയല്ല. അതിലെ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയോ അല്ലാതെയോ നിയമിച്ചാലോ പദവിയെയും അധികാരങ്ങളെയും ബാധിക്കില്ല, എന്നും ഷെയ്ഖ് തമീം പറഞ്ഞു.
2003ലാണ് ഇതിന് മുന്‍പ് ഖത്തറില്‍ ഭരണഘടനാ ഹിതപരിശോധന നടന്നത്. അന്ന് ഷൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് അംഗീകാരം ലഭിച്ചെങ്കിലും 2021 വരെ പ്രായോഗികമായില്ല. കൗണ്‍സിലിലെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ 2021 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തി.

45 അംഗ കൗണ്‍സിലിലെ 30 പേരെ ഇലക്ഷനില്‍ തെരഞ്ഞെടുത്തു. ബാക്കി 15 പേരെ നേരിട്ടും നിയമിച്ചു. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് ഗോത്ര സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.
തെരഞ്ഞെടുപ്പ് നിയമം 1930-ന് മുമ്പ് ഖത്തറില്‍ കുടുംബം ഇല്ലാതിരുന്ന ഖത്തറികളെ വോട്ടെടുപ്പില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെതിരെ ചില ഗോത്രങ്ങളിലെ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.


സംഘര്‍ഷം ഒഴിവാക്കാന്‍ ഖത്തര്‍ ശ്രമിച്ചതായി അമീര്‍ പറഞ്ഞു. ഖത്തറിന്റെ ഭരണഘടന അഭിലാഷങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും നിയമപരമായ സംരക്ഷണവും സമൂഹത്തിലെ എല്ലാവര്‍ക്കുമിടയില്‍ നീതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഷൂറ കൗണ്‍സിലിന് നിയമനിര്‍മ്മാണ അധികാരമുണ്ട്. പൊതു സംസ്ഥാന നയങ്ങള്‍ക്കും ബജറ്റിനും കൗണ്‍സില്‍ അംഗീകാരം നല്‍കുന്നു, എന്നാല്‍ പ്രതിരോധം, സുരക്ഷ, സാമ്പത്തിക, നിക്ഷേപം തുടങ്ങിയ നയ രൂപീകരണങ്ങളില്‍ ഇടപെടാറില്ല.
വെസ്റ്റ് ബാങ്കിലും ലെബനനിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇസ്രായേല്‍ ബോധപൂര്‍വം 'ആക്രമണം' വിപുലീകരിക്കുകയണെന്നും ഷൂറായിലെ പ്രസംഗത്തില്‍ അമീര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top