ദോഹ> കൊറോണവൈറസ് ബാധിച്ച് ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ 30 ആയി.
75, 68 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നുവെന്ന് പൊതുജന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69) മരിച്ചിരുന്നു.
ബുധനാഴ്ച 1,748 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. ഇതില്‍ 13,283 പേര്‍ക്ക് രോഗം ഭേദമായി. 1,439 പേരാണ് ബുധനാഴ്ച മാത്രം പുതുതായി രോഗമുക്തരായത്.
35,634 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്നും മന്ത്രാലയം അറിയിച്ചു. സൗദി കഴിഞ്ഞാല്‍ ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് ഖത്തറിലാണ്.
രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പുതുതായി പന്ത്രണ്ട് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ അത്യസന്ന നിലയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 4,769 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്തെ മൊത്തം പരിശോധന 2,01,180 ആയി.
വൈറസ് പടരുന്നതിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ് ഖത്തര്‍ ഇപ്പോഴുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതാണ് ദിനംപ്രതി രേഖപ്പെടുത്തുന്ന അണുബാധകളുടെ എണ്ണത്തില്‍ വര്‍ധന കാണിക്കാന്‍ കാരണം. അതിനാല്‍ മുമ്പത്തേക്കാളും പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..