10 October Thursday

സംസ്കൃതി ഖത്തർ രജത ജൂബിലി ആഘോഷം ഒക്ടോബർ 11ന് വെള്ളിയാഴ്ച

അഹമ്മദ് കുട്ടി അറളയിൽUpdated: Thursday Oct 10, 2024

ദോഹ > സംസ്കൃതി ഖത്തറിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 11ന് വെള്ളിയാഴ്ച വുകൈർ മഷാഫ് പോഡാർ പേൾ ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാളം കമ്മ്യൂണിക്കേഷൻ എംഡിയുമായ ജോൺ ബ്രിട്ടാസ് എംപി രജത ജുബിലി ആഘോഷങ്ങളുടെ  ഉദ്ഘാടനം നിർവഹിക്കും.

ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ,വാണിജ്യ- വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9 മുതൽ  ജനകീയ നാടൻ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്ക്  തുടക്കമാകും. രണ്ടായിരത്തിലധികം പേരുടെ മെഗാ കേരളീയസദ്യ, പതിനൊന്നുമുതൽ 130 ലേറെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന കേരളീയ സാംസ്‌കാരികതനിമയാർന്ന തിരുവാതിരകളി, മാർഗംകളി, ഒപ്പന, ചവിട്ട്നാടകം, പൂരക്കളി, ഫ്യൂഷൻ, ക്‌ളാസിക്കൽ സംഘനൃത്യങ്ങൾ, ഗാനമേള, വഞ്ചിപാട്ട്, വീരനാട്യം, കഥകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കലാവിരുന്ന് അരങ്ങേറും.

ഉച്ചക്ക് രണ്ടരയോടെ രജത ജൂബിലി ആഘോഷ ഉദ്ഘാടനസംസ്‍കാരിക സമ്മേളനം നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്, പ്രഭാഷണ സദസ്‌, ആർദ്രനിലാവ് കാവ്യപരിപാടി, മലയാളം മിഷൻ വിവിധ പരിപാടികൾ, സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം, വനിതാ ശില്പശാല, ബോധവൽക്കരണ സെമിനാറുകൾ, മാധ്യമ സെമിനാറുകൾ സാംസ്‌കാരിക കലാപരിപാടികൾ, വിവിധ കായിക ടൂർണന്മെന്റുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, പ്രസിഡന്റ്‌ സാബിത് സഹീർ, പ്രവാസിക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ഇ എം സുധീർ, പ്രോഗ്രാം കൺവീനർ ഒ കെ പരുമല എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top