23 December Monday

മത്രയുടെ സാംസ്ക്കാരിക മുഖഛായ മാറ്റി വരയ്ക്കാൻ 'റനീൻ' കലാ മേള

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

മസ്‌ക്കത്ത് > ഒമാൻ സാംസ്ക്കാരിക മന്ത്രാലയം ഒരുക്കുന്ന 'റനീൻ' കലാ മേളയ്ക്ക് നവംബർ 21 ന് മസ്ക്കറ്റിലെ തുറമുഖ നഗരമായ മത്രയിൽ തുടക്കമാകും. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാർ മേളയിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. സമകാലീന കലാരൂപങ്ങളും മാതൃകകളുമടങ്ങുന്ന ദൃശ്യ ശ്രാവ്യ പ്രകടനങ്ങൾ മത്രയിലെ ചരിത്ര സ്മാരകങ്ങളിൽ വച്ച് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കപെടും.

ഒമാൻറെ പൗരാണിക സംസ്ക്കാരവും ആധുനിക കലാ സങ്കേതങ്ങളും കോർത്തിണക്കുന്ന മേളയിൽ ഒമാനിൽ നിന്നുള്ള 13 കലാകാരൻമാരും, എട്ടു ഗായകരും തങ്ങളുടെ കലാപ്രകടങ്ങൾ അവതരിപ്പിക്കുമെന്ന് മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു. ഒമാൻറെ കലാ പാരമ്പര്യവും, മത്രയുടെ ചരിത്ര പ്രാധാന്യവും പുതിയ തലമുറയ്ക്കും, സന്ദർശകർക്കും പരിചയപ്പെടുത്തിക്കൊടുക്കുകയും, കലാ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മത്രയുടെ സാംസ്കാരിക ഭൂപടം പുതിയകാലത്തിൻറെ കലാ ശൈലികളും, സാംസ്കാരിക പ്രവണതകളുമുൾച്ചേർത്തു കൊണ്ട് പുതുക്കി വരയ്ക്കുന്ന സാംസ്ക്കാരിക പ്രവർത്തനം കൂടിയാവും മേളയെന്നും സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറി സയ്യിദ് സയീദ് അൽ ബുസൈദി സൂചിപ്പിച്ചു.

അമ്മാർ അൽ കിയുമി, ബഷയിർ അൽ ബലൂഷി, ഹൈതം അൽ ബുസാഫി, ഇസ്രാ മഹമൂദ് അൽ ബലൂഷി, ഖദീജ അൽ മാമരി, മർവ അൽ ബഹ്‌റാനി, മഹമൂദ് അൽ സദ്‌ജാലി, രാധിക കിംജി, റുഖയ മസർ, സയ്യിദ താനിയ അൽ സെയ്ദ്, താരിഖ് അൽ ഹാജ്‌രി, മക്കാൻ സ്റ്റുഡിയോസ് തുടങ്ങി നിരവധി പ്രാദേശിക കലാകാരന്മാരും സ്ഥാപനങ്ങളും, അന്താരാഷ്ട്ര പ്രശസ്തിയുള്ള പ്രമുഖ കലാകാരന്മാരും മേളയുടെ ഭാഗമാകുമെന്നും പത്തു ദിവസം നീണ്ടു നിൽക്കുന്ന മേളയ്ക്ക് നവംബർ 30 ന് തിരശീല വീഴുമെന്ന് സംഘാടകർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top