23 November Saturday

ഗാസയിലെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം; യുഎഇ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ഷാർജ>സുസ്ഥിരവും നീതിയുക്തവുമായ പരിഹാരത്തിലൂടെ ഗാസയുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ഉഭയകക്ഷി കരാറുകൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി സുരക്ഷിതത്വത്തിലും സമാധാനത്തിലും നിലനിൽക്കുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ദാരുണമായ സാഹചര്യത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടു.

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ വലിയതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ എട്ട്‌ കപ്പലുകൾ, 1271 ട്രക്കുകൾ, 337 വിമാനങ്ങൾ എന്നിവയിലൂടെ 39,756 ടൺ അടിയന്തര സാധനങ്ങളാണ് ഗാസയിലേക്ക് യുഎഇ അയച്ചത്.

സമാധാനത്തിനുള്ള ആദ്യപടി എന്ന നിലയിൽ ഉടനടി വെടി നിർത്തൽ നടപ്പിൽ വരുത്തുകയും എല്ലാ ബന്ധികളെയും തടവുകാരെയും മോചിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഗാസയിൽ ഒരു താൽക്കാലിക അന്താരാഷ്ട്ര ദൗത്യസംഘത്തെ വിന്യസിച്ചുകൊണ്ട് സമാധാനവും സുരക്ഷയും ഏകീകരിക്കുകയും മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, വിശ്വസനീയവും സ്വതന്ത്രവുമായ ഒരു പുതിയ പ്രധാനമന്ത്രി പുതിയ പാലസ്തീൻ സർക്കാരിനെ നയിക്കണമെന്നും, ആഗോള നിലവാരവുമായി യോജിപ്പിച്ച്  സർക്കാർ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും അൽഹാഷിമി പറഞ്ഞു. അധിനിവേശശക്തി എന്ന നിലയിൽ ഇസ്രയേൽ അന്താരാഷ്ട്ര നിയമത്തിനും മനുഷ്യാവകാശ തത്വങ്ങൾക്കും അനുസൃതമായി അന്താരാഷ്ട്ര സമൂഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. പലസ്തീൻ ജനതയ്ക്കുള്ള വിപുലമായ മാനുഷിക പിന്തുണ യുഎഇ തുടരുമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ സജീവ സംഭാവന യുഎഇ നൽകുമെന്നും അൽഹാഷിമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top