21 November Thursday

ഒമാനിൽ വൃക്ക രോഗങ്ങൾ വർദ്ധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മസ്‌ക്കത്ത് > ഒമാനിൽ വൃക്കസംബന്ധമായ രോഗങ്ങളിൽ ഗണ്യമായ വർദ്ധനവ്. നിലവിൽ 4500-ലധികം രോഗികൾ വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട്  ചികിത്സ തേടുന്നുണ്ട്. 70 ശതമാനം കേസുകളിലും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് വൃക്കയുടെ പ്രവർത്തനത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.  

രാജ്യത്തുടനീളം അഞ്ഞൂറോ അതിൽക്കൂടുതലോ ഡയാലിസിസ് മെഷീനുകളുള്ള സെൻ്ററുകളുടെ എണ്ണം 22 ആയി വർദ്ധിച്ചിട്ടുണ്ടെന്നും, വൃക്കരോഗികൾക്കിടയിൽ ഡയാലിസിസിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും ഒമാൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായ വൃക്ക പ്രശ്‌നങ്ങളുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ,  ഏറ്റവും കൂടുതൽ ദാതാക്കളെ ആവശ്യപ്പെടുന്നത് വൃക്കയ്ക്കു വേണ്ടിയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ചിട്ടപ്പെടുത്തിയും, രക്തസമ്മർദ്ദം നിയന്ത്രിച്ചും, വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കിയും, ശരീരത്തിലെ ജലാംശം മതിയായി നിലനിർത്തിയും വൃക്കയെ ആരോഗ്യത്തോടെ സംരക്ഷിക്കാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അവയവമാറ്റ ശസ്ത്രക്രിയയുടെ വിവിധ വശങ്ങളും, അവയവദാനത്തിൻറെ പ്രാധാന്യവും റിപ്പോർട്ട് അടിവരയിടുന്നു. മരണാസന്നനായ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയുന്ന മഹാദാനമായി അവയവദാനത്തെ പരിഗണിണം. ഇത്തരത്തിൽ ഉയർന്ന നിലയിലുള്ള സാമൂഹിക അവബോധം ഇക്കാര്യത്തിൽ ഉണ്ടാവണം.

ആരോഗ്യമന്ത്രാലയത്തിൻറെ ഷിഫാ മൊബൈൽ ആപ്പിലൂടെ കഴിഞ്ഞ വർഷം പതിനൊന്നായിരത്തോളം അവയവദാതാക്കൾ രജിസ്റ്റർ ചെയ്തതായും സർക്കാർ സംവിധാങ്ങളോടുള്ള തുറന്ന സമീപനം പൊതുജനങ്ങളിൽ നിന്നുണ്ടാകുന്നതിൻറെ തെളിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. അവയവദാനവുമായി ബന്ധപ്പെട്ട സമിതികൾ നിരന്തരമായി ഇക്കാര്യങ്ങൾ കാര്യങ്ങൾ പഠിക്കുകയും, ചർച്ചകളിലൂടെയും വിശകലനങ്ങളിലൂടെയും പുതിയ നയങ്ങൾക്ക് രൂപം നൽകുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top