ദുബായ് > ഡെലിവറി റൈഡറുകൾക്കായി 20 എയർ കണ്ടീഷൻഡ് റെസ്റ്റ് ഏരിയകളുടെ നിർമാണം പൂർത്തിയാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. എമിറേറ്റിലെ പ്രധാന 40 സ്ഥലങ്ങളിലാണ് നിർമിച്ചിരിക്കുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുക, ഉപഭോക്താക്കളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, റോഡപകടങ്ങളുടെ സാധ്യത കുറയ്ക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ ഹൈറ്റ്‌സ്, അൽ ബർഷ, അൽ കരാമ, റിഗ്ഗത്ത് അൽ ബുതീൻ, ഉമ്മു സുഖീം (ജുമൈറ 3), ജുമൈറ (അൽ വാസൽ റോഡ്), ദി ഗ്രീൻസ്, ദുബായ് വേൾഡ് ട്രേഡ് സെൻ്റർ, എന്നീ മേഖലകളിലാണ് വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അൽ റഷ്ദിയ, അൽ സത്വ, നാദ് അൽ ഹമർ, അൽ നഹ്ദ, ഔദ് മേത്ത, അറേബ്യൻ റാഞ്ചസ്, ഇൻ്റർനാഷണൽ സിറ്റി, ബിസിനസ് ബേ, ദുബായ് മറീന, അൽ ജദ്ദാഫ്, മിർദിഫ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, അൽ ഗർഹൂദ് എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ.
ഡ്രൈവർമാർക്ക് വിശ്രമിക്കാൻ എയർകണ്ടീഷൻ ചെയ്ത സ്ഥലവും ലഘുഭക്ഷണ വെൻഡിംഗ് മെഷീനുകളും വാട്ടർ ഡിസ്പെൻസറും സജ്ജീകരിച്ചിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനും ഉണ്ടായിരിക്കും. ഓരോ വിശ്രമകേന്ദ്രത്തിലും നിർദ്ദിഷ്ട സ്ഥലത്തെ ആശ്രയിച്ച് 10 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. ഓരോ വിശ്രമകേന്ദ്രത്തിനും അടുത്തായി മോട്ടോർസൈക്കിൾ പാർക്കിംഗ് സ്ഥലങ്ങൾ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..