23 December Monday

സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റംആരംഭിച്ചു . ആദ്യത്തെ ഒമ്പത് മണിക്കൂറിൽ 500 ഇടപാടുകൾ .

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കുവൈത്ത് സിറ്റി > സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവർത്തനമാരംഭിച്ച് ആദ്യ ഒമ്പത് മണിക്കൂറിൽ  500 ഇടപാടുകൾ നടന്നതായി ട്രാഫിക് അഫേഴ്‌സ് ആൻഡ് ഓപ്പറേഷൻസിലെ ടെക്‌നിക്കൽ ഓഫീസ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്‌വാനി അറിയിച്ചു. സേവനം സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മാത്രമാണെന്നും കമ്പനികൾക്ക് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റം ഉൾപ്പെടെ  വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 5 മാസത്തിലധികം സമയമെടുത്താണ് ഈ നേട്ടം കൈവരിക്കാനായത് .വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുൾപ്പെടെ മറ്റ് ഓൺലൈൻ സേവനങ്ങൾ സമീപ ഭാവിയിൽ ആരംഭിക്കുമെന്നും അദ്വാനി കൂട്ടിച്ചേർത്തു . ഇതോടെ അവധി ദിവസങ്ങൾ അടക്കം ആഴ്ചയിൽ ഏഴു ദിവസവും സഹൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ സേവനം ലഭ്യമാകും.

ഇതിനായി സഹല്‍ ആപ്പില്‍ പ്രവേശിച്ച് ട്രാഫിക് സേവന വിഭാഗത്തിൽ 'വാഹന ഉടമസ്ഥാവകാശ കൈമാറ്റ' സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് വാഹനത്തിന്റെ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ശേഷം പുതിയ ഉടമയുടെ സിവിൽ ഐ ഡി നമ്പര്‍ നല്‍കാം. അതിനുശേഷം, വാങ്ങുന്നയാൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കുന്നതിനായി ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് നൽകണം. ഇതോടെ കൈമാറ്റം പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷന്‍ തുറന്നതിനുശേഷം വാഹന ലൈസൻസ് ‘കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ’ ഡിജിറ്റൽ വാലറ്റിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നും ആഭ്യന്തമന്ത്രാലയം അറിയിച്ചു.

നേരത്തെ ട്രാഫിക് ഓഫീസുകൾ കയറി ഇറങ്ങി ഒരു ദിവസത്തോളം നീണ്ടുനിന്ന വാഹന കൈമാറ്റ സേവനങ്ങളാണ് സഹൽ ആപ്പ് വഴി നിമിഷങ്ങൾ കൊണ്ട് സാധ്യമാകുന്നത്. ഗവൺമെന്റ് സേവനങ്ങൾ പരമാവധി ഡിജിറ്റൈസ് ചെയ്യുന്നതിനും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top