മസ്‌കത്ത് > മസ്‌കത്തിൽനിന്ന് സലാലയിലേക്ക് പറക്കാൻ ചെലവുകുറഞ്ഞ വിമാന സർവീസുമായി സലാം എയർ. 9.99 ഒമാൻ റിയാൽ മാത്രം ചെലവിൽ ഒരുഭാഗത്തേക്കുള്ള യാത്ര സാധ്യമാകും വിധമാണ് ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സർവീസ് പ്രഖ്യാപിച്ചത്. മസ്‌കത്തിനും സലാലയ്‌ക്കുമിടയിലുള്ള യാത്രയ്‌ക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കാണ് നിലവിൽ സലാം എയർ അവതരിപ്പിച്ചത്. ഡിസംബർ ഒന്നുമുതൽ ആരംഭിക്കുന്ന വിമാനങ്ങളിൽ പുതിയ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഈ പുതിയ നിരക്ക് ഒരു പരിമിത കാലത്തേക്കുള്ള കിഴിവല്ലെന്ന് സലാം എയർ വ്യക്തമാക്കി. എല്ലാവർക്കും താങ്ങാനാകുന്നതും സുഗമവുമായ യാത്രാനിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നതിനുള്ള സലാം എയറിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ സ്ഥിരമായ ചുവടുവയ്‌പ്പാണിത്. വളരെ കുറഞ്ഞ നിരക്കുകൾ നൽകുന്നതിലൂടെ എല്ലാവർക്കും താങ്ങാനാകുന്ന വിധത്തിൽ വിമാനയാത്ര നൽകികൊണ്ട് മസ്‌കത്തിനും സലാലയ്ക്കുമിടയിൽ കൂടുതൽ യാത്രകൾ പ്രോത്സാഹിപ്പിക്കാനാണ് സലാം എയർ ലക്ഷ്യമിടുന്നത്.
ചെലവ് കുറഞ്ഞ ബിസിനസ് പുനഃസ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്നുമാത്രമാണ് സലാലയിലേക്കുള്ള വളരെ കുറഞ്ഞ നിരക്കിലുള്ള സർവീസെന്ന് സലാം എയറിന്റെ സിഇഒ അഡ്രിയാൻ ഹാമിൽട്ടൺ -മാൻസ് പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം യാത്രക്കാർക്ക് കൂടുതൽ താങ്ങാനാകുന്ന യാത്രാ അവസരങ്ങൾ നൽകുകയെന്നതാണ്. അതേസമയം, പണത്തിന് വഴക്കവും അസാധാരണമായ മൂല്യവും വാഗ്‌ദാനം ചെയ്യുന്നു. വിമാനയാത്ര കൂടുതൽ താങ്ങാനാകുന്നതാക്കി മാറ്റാൻ ഞങ്ങളുടെ ബിസിനസിനെ കുറഞ്ഞ നിരക്കിൽ കേന്ദ്രീകരിച്ചുള്ളതാക്കി മാറ്റാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സലാം എയറിന്റെ വെബ്‌സൈററൊയ SalamAir.com വിെയും മൊബൈൽ ആപ് വഴിയും യാത്രക്കാർക്ക് മസ്‌കത്തിൽനിന്ന് സലാലയിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വളരെ കുറഞ്ഞ നിരക്കുകൾ സുരക്ഷിതമാക്കുന്നതിനും പുതിയ യാത്രാ അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനും നേരത്തെയുള്ള ബുക്കിങ്ങുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീസൺ സമയങ്ങളിൽ മസ്‌കത്തിൽനിന്ന് സലാലയിലേക്ക് യാത്രചെയ്യാൻ 40 ഒമാനി റിയാൽവരെ നിരക്ക് ഉണ്ടായിരുന്നു. ഇതാണ് പുതിയ സർവീസിൽ 10 റിയാലിലേക്ക് ചുരുങ്ങുന്നത്. സ്വന്തം വാഹനത്തിൽ യാത്രചെയ്യുകയാണെങ്കിൽ ഇന്ധനത്തിന് മാത്രമായി 75 മുതൽ 80 റിയാൽ വരെ ചെലവാകും. സലാലയിലും മസ്‌കത്തിലുമുള്ള മലയാളികളടക്കമുള്ള പ്രവാസികൾക്കും കുറഞ്ഞ നിരക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..