ഷാർജ > ഷാർജ പുസ്തകോത്സവം സമാപിച്ചു. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ ലക്ഷക്കണക്കിന് വായനാ പ്രേമികളാണ് എത്തിയത്. പുതിയ എഴുത്തുകാരെ സൃഷ്ടിച്ചും, എഴുത്തിന്റെ വിസ്മയകരമായ ലോകങ്ങൾ തീർത്തും പുസ്തകമേള സജീവമായപ്പോൾ അതിന് ഊർജ്ജം പകരാൻ എഴുത്തുകാരും, രാഷ്ട്രീയ നേതാക്കളും, സാംസ്കാരിക വ്യക്തിത്വങ്ങളും മാത്രമല്ല നിർമ്മിത ബുദ്ധിയുടെ കേന്ദ്രങ്ങളും അവയുടെ പ്രചാരകരും, കായിക വിദഗ്ധരും, പാചക വിദഗ്ധരും, ചിത്രകലാ വിദഗ്ധരും, കുട്ടികൾക്കുള്ള പ്രത്യേക സെഷനുകൾ കൈകാര്യം ചെയ്യുന്നവരും, കഥയുടെ മായിക ലോകത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ കഴിവുള്ള പ്രഗൽഭരും, കവികളും, ചരിത്രകാരന്മാരും എന്നു തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള പ്രതിഭകളും പുസ്തകോത്സവത്തിൽ പങ്കെടുത്തു.
750 ഓളം പുതിയ പുസ്തകങ്ങളാണ് ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഇത്തവണ പ്രകാശനം ചെയ്തത്. ഇതിൽ ഭൂരിഭാഗം പുസ്തകങ്ങളും സ്ത്രീകളുടേയും, കുട്ടികളുടേയും ആയിരുന്നു. കേരളത്തിൽ നിന്നും 62 വീട്ടമ്മമാർ മേളയിലെത്തി അവരുടെ 62 പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. യു എ ഇ, ഇന്ത്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരായിരുന്നു പുസ്തകമേളയിൽ എത്തിയതിലധികവും. മേളയിലെത്തിയ 63 ശതമാനം പേരും 25നും 44 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. 135, 000 വിദ്യാർത്ഥികളും മേളയിലെത്തി.
ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങുന്നു എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച മേള അക്ഷരാർത്ഥത്തിൽ ഒരു ആഗോള സാംസ്കാരിക സമ്മേളനമായി മാറി. 112 രാജ്യങ്ങളിൽ നിന്നുള്ള 2520 പ്രസാധകരാണ് പ്രദർശനത്തിന് എത്തിയത്. ഇതിൽ 400 പേരോളം പുതിയ രചയിതാക്കളാണ്. മുൻവർഷങ്ങളിലേതു പോലെ യുഎഇയിൽ നിന്നാണ് അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രസാധകർ മേളയിൽ എത്തിയത്. ഈജിപ്ത് ആണ് ഏറ്റവും കൂടുതൽ പ്രസാധകരുമായി എത്തിയ മറ്റൊരു രാജ്യം.
അന്താരാഷ്ട്ര തലത്തിലുള്ള നിരവധി വ്യക്തിത്വങ്ങൾ മേളയിലെത്തി നൂറുകണക്കിന് സെഷനുകളിൽ പങ്കെടുത്തു. ഇത്തവണത്തെ അതിഥി രാജ്യം മൊറോക്കോ ആയിരുന്നു. മൊറോക്കോയുടെ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചറിയിക്കുന്ന വ്യത്യസ്തമായ സാംസ്കാരിക പരിപാടികൾ ആയിരുന്നു പുസ്തകമേളയിൽ സംഘടിപ്പിച്ചിരുന്നത്. ബുക്കർ പുരസ്കാര ജേതാവ് ജോർജി ഗോഡ്സ് പോഡിനോവ്, ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസം ഇളയരാജ, ഈജിപ്ഷ്യൻ സംഗീതജ്ഞൻ ഒമർ ഖൈറാത്ത്, ഫുട്ബോൾ ഇതിഹാസം മുഹമ്മദ് സല, അഭിനേതാവ് അഹമ്മദ് ഇസ്സ്, സ്റ്റീവൻ ബാർലറ്റ് ഹിഷാം അൽ ഗാക്ത് എന്നിവരുടെ സാന്നിധ്യം കൊണ്ട് ഈ തവണ മേള സമ്പന്നമായി. അൾജീരിയ എഴുത്തുകാരി അഹ്‌ലാം മൊസ്റ്റെ ഘനേമിയായിരുന്നു ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വം.
ആയിരക്കണക്കിന് വ്യത്യസ്തമായ സാംസ്കാരിക പരിപാടികൾക്കാണ് മേള സാക്ഷ്യം വഹിച്ചത്. റഫീഖ് അഹമ്മദ്, കഥാകൃത്ത് വിനോദ് തോമസ്, ജയമോഹൻ, ചേതൻ ഭഗത്, അഖിൽ പി ധർമ്മജൻ അശ്വതി ശ്രീകാന്ത് പി പി രാമചന്ദ്രൻ തുടങ്ങിയ എഴുത്തുകാർക്കൊപ്പം പാചക വിദഗ്ധ ഷനാസ് ട്രഷറി വാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ റാണ സഫ്‌വി തുടങ്ങിയ നിരവധി പ്രമുഖർ ഇന്ത്യയിൽ നിന്നും എത്തിച്ചേർന്നു. സിപിഐഎം പോളിറ്റ്യൂറോ അംഗം എം എ ബേബി, നയതന്ത്ര വിദഗ്ധൻ ടിപി ശ്രീനിവാസൻ, കവി മുരുകൻ കാട്ടാക്കട എന്നിവരും വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് പുസ്തകോത്സവത്തിൽ എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..