ഷാർജ > ഷാർജ അന്തർദേശീയ പുസ്തക മേളയിലെ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും ഒത്തുചേരും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫറൻസ് ഹാളിലാണ് കാവ്യസന്ധ്യ. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ വ്യക്തിയാണ് റഫീഖ് അഹമ്മദ്. കേരള സാഹിത്യ അക്കാദമി അവാർഡ്, പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്.ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള എഴുത്തുകാരനാണ് പി പി രാമചന്ദ്രൻ.
നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും. നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫറൻസ് ഹാളിലാണ് പരിപാടി.
നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..