03 December Tuesday

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ നവംബർ 6 മുതൽ 17 വരെ; മൊറോക്കോ ഈ വർഷത്തെ അതിഥി രാജ്യം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ഷാർജ > ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. 112 രാജ്യങ്ങളിൽ നിന്നുള്ള 2,522 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ എത്തുന്നത്. അവരിൽ 835 പേർ അറബ് പ്രസാധകരും 264 പേർ അന്താരാഷ്ട്ര പ്രസാധകരും ആണ്. ‘It Starts with a Book,’ എന്നതാണ് ഈ വർഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം. മൊറോക്കോ ആണ് ഈ വർഷത്തെ അതിഥി രാജ്യം.  

യു എ ഇ യിൽ നിന്ന് മാത്രമായി ഇത്തവണ 234 പ്രസാധകരാണ് പങ്കെടുക്കുന്നത് .  172 പ്രസാധകരുമായി ഈജിപ്തും പുസ്തകോത്സവത്തിൽ എത്തും.  ലെബനോനിൽ നിന്നും 88 ഉം സിറിയയിൽ നിന്നും 58 ഉം പ്രസാധകരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 52 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികളും 1,357 ആക്ടിവിറ്റികളും 32 രാജ്യങ്ങളിൽ നിന്നുള്ള 134 അതിഥികൾ പങ്കെടുക്കുന്ന 500 സാംസ്കാരിക പ്രവർത്തനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്‌ഷോപ്പുകൾ നടത്തുകയും ക്രിയേറ്റീവ് റൈറ്റിംഗ് രംഗത്തെ പ്രമുഖരായ ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ മുൻകൂട്ടി ബുക്ക് ചെയ്‌ത എക്‌സ്‌ക്ലൂസീവ് വർക്ക്‌ഷോപ്പുകൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.

ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എസ്‌ബിഎ സി ഇ ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, യുഎഇയിലെ മൊറോക്കോ അംബാസഡർ അഹമ്മദ് എൽ താസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഹസൻ ഖലാഫ്, എസ്ഐബിഎഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി, ഷാർജ രാജ്യാന്തര പുസ്തകമേളയുടെ പ്രൊഫഷണൽ കോൺഫറൻസുകളുടെ ജനറൽ കോർഡിനേറ്റർ മൻസൂർ അൽ ഹസ്സനി, വ്യവസായ പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  

പ്രമുഖ അറബ്, അന്തർദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവർ മേളയിൽ പങ്കെടുക്കും. പാനൽ ചർച്ചകളും വായനകളും മുതൽ വൈവിധ്യമാർന്ന കലാരൂപങ്ങളിലും സാഹിത്യ വിഭാഗങ്ങളിലും സൃഷ്ടിപരമായ അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്ന വർക്ക് ഷോപ്പുകളും സെഷനുകളും വരെയുള്ള 500 സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.

2023 ലെ ഇൻ്റർനാഷണൽ ബുക്കർ പുരസ്‌കാര ജേതാവും,  നാടകകൃത്തുമായ ജോർജി ഗോസ്‌പോഡിനോവ്, കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ പ്രൊഫ. ലോറൻസ് എം ക്രൗസ്, പാനി മർ റഹാ ഹേയുടെ രചയിതാവ് പാകിസ്ഥാൻ നോവലിസ്റ്റ് അംന മുഫ്തി, ബ്രിട്ടീഷ് എഴുത്തുകാരൻ താഹിർ ഷാ, ദക്ഷിണാഫ്രിക്കൻ കവിയും എഴുത്തുകാരനുമായ ഇയാൻ എസ്. തോമസ്, യുകെയിൽ നിന്നുള്ള ചരിത്രകാരൻ പ്രൊഫസർ പീറ്റർ ഫ്രാങ്കോപൻ, യുഎസിൽ നിന്നുള്ള ബ്രാണ്ടി ഗിൽമോർ, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷി,  ഡോ. സുൽത്താൻ അൽ അമീമി, ഡോ. സയീദ് അൽ ദഹേരി, ഡോ. ഹമദ് ബിൻ സെറേ, എഴുത്തുകാരൻ ഇബ്രാഹിം അൽ-ഹാഷിമി, കവി അലി അൽ അബ്ദാൻ, ഇമാൻ അൽ യൂസുഫ്, കവി അമൽ അൽ സഹ്‌ലവി, എഴുത്തുകാരി സൽമ അൽ ഹഫീതി, എഴുത്തുകാരൻ അബ്ദുല്ല അൽ ഹസാവി, ഈജിപ്ഷ്യൻ നടൻ അഹമ്മദ് എസ്സ്, അഹമ്മദ് മൗറാദ്; സാമ്പത്തിക ശാസ്ത്രജ്ഞൻ അഹമ്മദ് എൽ സെയ്ദ് അൽ നഗർ; ഡോ. സാദ് അൽ ബസായ്; അമീർ താജ് എൽസിർ,  ഈജിപ്ഷ്യൻ കവി ഹിഷാം എൽ ഗാഖ്, പ്രശസ്ത നോവലിസ്റ്റ് ഇബ്രാഹിം അബ്ദുൽ മെഗിഡ്, പ്രശസ്ത എഴുത്തുകാരി ലൈല അൽ-ഒത്മാൻ, കവി അദം ഫാത്തി, എഴുത്തുകാരി സാദ് അൽ-രിഫായി എന്നിങ്ങനെ നിരവധി പ്രമുഖരാണ് ഇത്തവണ പുസ്തകോത്സവത്തിൽ എത്തുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top