22 December Sunday

മൂന്നുവർഷം കഴിയുന്നതുവരെ വാടക വർദ്ധിപ്പിക്കരുത്; പുതിയ ഉത്തരവിറക്കി ഷാർജ ഭരണാധികാരി

കെ എൽ ഗോപിUpdated: Thursday Sep 26, 2024

ഷാർജ > വാടക കരാർ ആരംഭിച്ച് മൂന്നുവർഷം കഴിയുന്നതുവരെ രണ്ട് കക്ഷികളും മാറ്റത്തിന് സമ്മതിക്കുന്നില്ലെങ്കിൽ വാടക വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ഷാർജ ഭരണാധികാരി. പുതിയ ഉത്തരവിലാണ് വാടകക്കാരന് ആശ്വാസമായ പുതിയ നിയമം. വാടക ക്രമാതീതമായി വർധിപ്പിക്കുക മൂലം ഒട്ടേറെ താമസക്കാരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. വാടക വർദ്ധന ന്യായമായിരിക്കണമെന്നും ന്യായമായ വാടക എങ്ങനെ കണക്കാക്കാം എന്നതിന്റെ വിശദാംശങ്ങളും എക്സിക്യൂട്ടീവ് റെഗുലേഷൻസിൽ വിശദീകരിക്കും എന്നും നിയമത്തിൽ പറയുന്നുണ്ട്. റസിഡൻഷ്യൽ വാടക കരാർ ആരംഭിച്ച് മൂന്നുവർഷവും വാണിജ്യ വ്യാവസായിക പ്രൊഫഷണൽ ഉപയോഗത്തിന് എടുക്കുന്ന വസ്തുവിന്റെ കരാർ ആരംഭിച്ച് അഞ്ചുവർഷവും കഴിയുന്നതുവരെ വാടകക്കാരനെ ഒഴിപ്പിക്കുന്നതും നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്.  മുൻപ് ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചതിനുശേഷം മൂന്നുമാസത്തെ ഒഴിപ്പിക്കൽ നോട്ടീസ് നൽകി വാടകക്കാരനോട് വസ്തു ഒഴിയാൻ ഭൂഉടമയ്ക്ക് ആവശ്യപ്പെടാമായിരുന്നു.

പുതിയ പാട്ട കരാർ നിയമപ്രകാരം വാടക വർദ്ധനയ്ക്ക് പരിധി ഏർപ്പെടുത്തുകയും വാടക കരാർ അവസാനിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇത് പ്രകാരം കരാറുകൾ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഭൂ ഉടമ കരാർ അംഗീകരിക്കണം.  വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമം വിശദീകരിക്കുന്നു. വാണിജ്യ, വ്യാവസായിക, പ്രൊഫഷണൽ ഉപയോഗത്തിന് കരാർ ആരംഭിച്ചു കഴിഞ്ഞാൽ അഞ്ചുവർഷത്തിനു മുമ്പ് സ്വത്ത് ഒഴിയാൻ ഭൂവുടമയ്ക്ക് നിർബന്ധിക്കാൻ സാധിക്കുകയില്ല. ഏതെങ്കിലും കാരണവശാൽ കരാർ നേരത്തെ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ ഇരുകക്ഷികളും പരസ്പരം ധാരണയിൽ എത്താൻ കഴിയാതെ വന്നാൽ വാടകയുടെ 30 ശതമാനം എങ്കിലും വാടകക്കാരൻ ഭൂ ഉടമയ്ക്ക് നൽകണം. വാടക സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒരു വാടക തർക്ക കേന്ദ്രം സ്ഥാപിക്കുകയും ഇതിന് ജുഡീഷ്യൽ പദവി ഉണ്ടായിരിക്കുകയും ചെയ്യും.

പുതിയ നിയമം അനുസരിച്ച് വാടകക്കാരൻ മരിച്ചു കഴിഞ്ഞാൽ കരാർ അവസാനിക്കുകയില്ല.  കരാർ അവസാനിപ്പിക്കാൻ വാടകക്കാരന്റെ അവകാശികൾ ആവശ്യപ്പെടുമ്പോൾ മാത്രമേ കരാർ അവസാനിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top