19 December Thursday

പ്രാദേശിക പഴങ്ങളും പച്ചക്കറികളും; സലാലയിലെ കടകളിൽ സഞ്ചാരികളുടെ തിരക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മസ്‌കത്ത്‌ > ഖരീഫ് സീസൺ ആരംഭിച്ചതുമുതൽ സലാലയിൽ സ്വദേശികളുടെയും വിദേശികളുമായ  വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ സലാലയിലെ കച്ചവട കേന്ദ്രങ്ങളിൽ തിരക്കേറുന്നു. സലാലയിലെ കച്ചവട കേന്ദ്രങ്ങളിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കുമായി കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നു. ദോഫാർ ഗവർണറേറ്റിലെത്തുന്ന വിനോദസഞ്ചാരികളും സന്ദർശകരും സലാല നഗരത്തിലെ പ്രാദേശിക പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കിയോസ്കുകൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.

ഖരീഫ് സീസണിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം, ഫാവായ് തുടങ്ങിയ ചില പ്രാദേശിക ഉഷ്ണമേഖലാ പഴങ്ങൾ വാങ്ങുന്നതിന് പുറമേ ഇളനീർ ജ്യൂസ് കുടിക്കാനും എറേപേർ എത്തുന്നതായാണ് കച്ചവടക്കർ പറയുന്നത്. ദോഫാർ ഗവർണറേറ്റിൻ്റെയും സലാല സമതലത്തിൻ്റെയും സവിശേഷതയുള്ള  കാലാവസ്ഥാ സാഹചര്യങ്ങൾ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ ഏറെ അനുയോജ്യമാണ്.

ചില വിളവുകൾ വർഷം മുഴുവനും ഉത്പാദിപ്പിക്കപ്പെടുത്താൻ പാകത്തിലുള്ള കൃഷി രീതിയും ഇവിടെയുണ്ട്. തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന സലാലയിലെ കാഴ്ച കേരളത്തിന് സമാനമാണ്. കാർഷിക ഉത്പന്നങ്ങളിൽ മുൻപന്തിയിലാണ് തെങ്ങ് കൃഷി. സലാല സമതലത്തിലെ ഏറ്റവും വലിയ കൃഷിയിടം തെങ്ങുകളും വാഴയുമാണ്.

വാഴപ്പഴം, നാരങ്ങ, പേരക്ക, ഫാവായ്, തക്കാളി, മാതളം, മറ്റ് പഴങ്ങളും പച്ചക്കറികളും  വിൽപ്പനക്കുള്ള കടകൾ സലാലയിലെ സന്ദർശകരെയും താമസക്കാരെയും ആകർഷിക്കുന്നരീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കിയോസ്കുകളിൽ പ്രത്യേകിച്ച് സീസൺ കാലത്ത്‌ കൃഷിയിടങ്ങളിലും റോഡുകളുടെ വശങ്ങളിലെ മരങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പുതിയ പഴങ്ങൾ വാങ്ങാനാണ് ഖരീഫ് സന്ദർശകർ ഇഷ്ടപ്പെടുന്നത്.

ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക-ഭക്ഷ്യ വിളകളിൽ ഒന്നായ വാഴകൃഷി ചെയ്യുന്നതിന് സലാല സമതലം പ്രശസ്തമാണ്.
സലാല കാർഷിക സമതലത്തിൻ്റെ  കാലാവസ്ഥയും പാരിസ്ഥിതിക സാഹചര്യങ്ങളും ഫാവായ്, വാഴ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കാർഷിക വിളകളുടെ സമൃദ്ധിക്ക്  അനുയോജ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top