കുവൈത്തിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ കർശന സുരക്ഷ പരിശോധകൾ | Pravasi | Deshabhimani | Wednesday Dec 18, 2024
21 December Saturday

കുവൈത്തിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ കർശന സുരക്ഷ പരിശോധകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

കുവൈത്ത്  സിറ്റി > കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തി പിടികൂടുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായുള്ള സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം  ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ സാൽമിയ ഭാഗത്ത് നടത്തിയ പരിശോധനയിൽ 2736 ട്രാഫിക് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. 31നിയമലംഘകരെ അറസ്റ്റ് ചെയ്തു. 30 പുരുഷന്മാരും 28 സ്ത്രീകളും ഉൾപ്പെടെ 58 പേരെ അറസ്റ്റ് ചെയ്യുകയും 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സബാഹിൻറെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സുരക്ഷ പരിശോധനകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. സാൽമിയയിലെ  വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡുകൾക്ക് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽഖുദാ, പ്രത്യേക സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫ തുടങ്ങിയവർ നേതൃത്വം നൽകി.  വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികൾക്ക് നിശ്ചിത തുക പിഴ അടച്ച് രാജ്യത്ത് തുടരുകയോ പിഴ അടയ്ക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള അവസരം നൽകിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ  ഊർജ്ജിതമാക്കിയിരുന്നു.രാജ്യത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് അനധികൃത താമസക്കാരെയാണ് പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെ നിയമപരമായ നടപടിക്രമങ്ങൾക്കു ശേഷം നാടുകടത്തുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. ഇവർക്ക് വീണ്ടും കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്കോടെയായിരിക്കും നാടുകടത്തുക.

അതിനിടെ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഒരാഴ്ചയ്ക്കിടെ നടത്തിയ വാഹന പരിശോധനകളിൽ മൊത്തം 43,573 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 115 വാഹനങ്ങളും 50 മോട്ടോർസൈക്കിളുകളും പരിശോധനകളിൽ പിടിച്ചെടുത്തു. 46 ഇടങ്ങളിൽ പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന. നിയമലംഘകരെ പിടികൂടുന്നതിനും രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ് പരിശോധനയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top