28 December Saturday

അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് കർശനമായി നിയന്ത്രിക്കുന്നു ; പുതിയ തീരുമാനവുമായി യുഎഇ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

ദുബായ് > അടുത്ത വര്ഷം ജനുവരി രണ്ടു മുതല്‍ യുഎഇയില്‍ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് അനധികൃതമായി വില വര്‍ധിപ്പിക്കാനാവില്ല. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ അനധികൃത വില വര്‍ധനയ്ക്കാണ് യുഎഇ സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുകയും ഒപ്പം മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.  പുതിയ വില നിയന്ത്രണ നയത്തിന്‍റെ ഭാഗമായി അവശ്യ സാധനങ്ങളുടെ വിലനിര്‍ണ്ണയത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക വിദഗ്ധ സംഘത്തിന് രൂപം നല്‍കും. ഈ സമതി വില വര്‍ദ്ധനവിനുള്ള അപേക്ഷകള്‍ വിലയിരുത്തുകയും പരാതികള്‍ അന്വേഷിക്കുകയും ചെയ്യും
 
യുഎഇ സാമ്പത്തിക മന്ത്രാലയം 2025 ജനുവരി രണ്ട് അഥവാ അടുത്ത ചൊവ്വാഴ്ച മുതല്‍ ഈ ഒമ്പത് തരം അവശ്യ സാധനങ്ങളുടെ കാര്യത്തില്‍ പുതിയ വിലനിര്‍ണ്ണയ നയം നടപ്പിലാക്കും. ഇതുപ്രകാരം ഈ സാധനങ്ങളുടെ ഏത് വില വര്‍ദ്ധനവിനും മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ ഈ അടിസ്ഥാന സാധനങ്ങളുടെ വിലയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭേദഗതികളും വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള കാബിനറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ നിലവിലുള്ള നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളും പരിഗണിച്ചാണ് പുതിയ നയമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹ് പറഞ്ഞു. ഈ ശ്രമങ്ങള്‍ സുതാര്യത, വിപണി സ്ഥിരത, ഉപഭോക്തൃ അവകാശങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top