24 November Sunday

രണ്ട് കിർഗിസ് പദ്ധതികൾക്ക് സുൽത്താൻ ബിൻ അഹമ്മദ് തുടക്കം കുറിച്ചു

കെ എൽ ഗോപിUpdated: Monday Sep 30, 2024

ഷാർജ > ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിന്‍ സുൽത്താൻ അൽഖാസിമി  കിർഗിസ്ഥാനിൽ രണ്ടു ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അൽ റീഹ് അൽ മുർസല ആശുപത്രിയും, ഒക്ത്യാബ്രിയിലെ കുടിവെള്ള പദ്ധതിയും ആരംഭിച്ചു. ഷാർജ ചാരിറ്റി ഇന്റർനാഷണലുമായി സഹകരിച്ച് ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയാണ് പദ്ധതികൾക്ക് ധനസഹായം നൽകുന്നത്.

ആശുപത്രികൾ പണിയുക, രോഗികളെ സഹായിക്കുക, ആഗോളതലത്തിൽ ശുദ്ധജല സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ജീവകാരുണ്യ സംരംഭങ്ങളുടെ പ്രാധാന്യം ഷേക്ക് സുൽത്താൻ ബിൻ അഹമ്മദ് സൂചിപ്പിച്ചു. എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഷാർജ അതിന്റെ പ്രതിബദ്ധത ഉറപ്പാക്കുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ചെയ്യുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

വൈവിധ്യമാർന്ന മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയും,  കുടിവെള്ള ശുചീകരണ സംവിധാനവും ഷാർജ നടപ്പിലാക്കുന്ന തുടർച്ചയായ ചാരിറ്റബിൾ സംരംഭങ്ങളുടെ ഭാഗമാണ്. ഇത്തരമൊരു സംരംഭം ഈജിപ്തിലെ അസ്വാനിൽ ജൂലൈയിൽ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഷാർജ ശ്രമങ്ങൾ നടത്തുകയാണ്.

ഷേക്ക് സുൽത്താൻ ബിൻ അഹമ്മദ് പദ്ധതി സ്ഥലത്ത് എത്തി മരങ്ങൾ നട്ടുപിടിപ്പിക്കുകയും അൽറീഹ് അൽ മുർസല ഡിസ്പെൻസറിക്ക് തറക്കല്ലിടുകയും ചെയ്തു. ജനറൽ മെഡിസിൻ, കൺസൾട്ടൻസി സേവനങ്ങൾ, റേഡിയോളജി, ഗൈനക്കോളജി, മെഡിക്കൽ ലബോറട്ടറികൾ എന്നിവ ഉൾപ്പെടെ 350 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ പദ്ധതി ഒക്ത്യാബ്രിയിലും സമീപപ്രദേശങ്ങളിലും ഉള്ള 14,000ത്തോളം ആളുകൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകുവാൻ പര്യാപ്തമായ ഒന്നാണ്.

ഷാർജ ചാരിറ്റി ഇന്റർനാഷണൽ ചെയർമാൻ ഷെയ്ക്ക് സക്കർ ബിൻ മുഹമ്മദ് ഖാസിമി, മുഹമ്മദ് ഹസൻ ഖലാഫ്, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോക്ടർ താരിഖ് സയ്യിദ് അല്ലെ, മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ ഹസൻ യാക്കോബ് അൽ മൻസൂരി, ഷാർജ മീഡിയ സിറ്റി ഡയറക്ടർ റാഷിദ് അബ്ദുല്ല അൽ ഉബൈദ്, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ സാലിം അലി അൽ ഗൈത്തി, അബ്ദുള്ള സുൽത്താൻ ബിൻ ഖാദിം, ഒക്ത്യാബാർ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top