12 December Thursday
രാജകീയ കാറുകളുടെ ശേഖരം ഇനി പൊതുജനങ്ങൾക്കും കാണാം

സയ്യിദ് ബിലാറബ് റോയൽ കാർസ് മ്യൂസിയം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

മസ്‌കത്ത്‌ > സീബിലെ അൽ ബറക പാലസിൽ നടന്ന ചടങ്ങിൽ റോയൽ കാർസ് മ്യുസിയം സയ്യിദ് ബിലാറബ് ഹൈതം ബിൻ താരിഖ് അൽ സെയ്ദ്  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  രാജകുടുംബാംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വിന്റെജ് കാറുകളുടെ ലോകത്ത് താൽപ്പര്യമുള്ളവരും പങ്കെടുത്തു. ഔദ്യോഗിക ഉദ്‌ഘാടനം നടത്തിക്കൊണ്ട് സയ്യിദ് ബിലാറബ്, പുനരുജ്ജീവന കാലത്തിന്റെ മാറ്റങ്ങളോട് ബന്ധപ്പെട്ട വാഹനങ്ങളുടെ പ്രദർശനത്തിന്റെ ദൃശ്യാവിഷ്കാരം കണ്ടു.

രാജകീയ വാഹനങ്ങളുടെ അപൂർവ്വ ശേഖരം ഇനി പൊതുജനങ്ങൾക്കും കൺകുളിർക്കെ കാണാം. സ്വകാര്യ ശേഖരമായിരുന്ന മ്യൂസിയമാണ് രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സന്ദർശനത്തിന് അവസരമൊരുകക്കുന്നത്. അപൂർവ്വ സ്‌പോർട്‌സ് കാറുകൾ, ക്ലാസിക് കാറുകൾ തുടങ്ങയവയുടെ ശേഖരം തന്നെയാണ് റോയൽ കാർ മ്യൂസിയത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.

വർഷങ്ങളോളം ഏറെ ശ്രദ്ധാപൂർവ്വം സംരക്ഷിച്ചു പോന്നവയാണ് ഇവയൊക്കെ. സുൽത്താൻ ഖാബൂസ് ബിൻ സഈദ്, സുൽത്താൻ സൈദ് ബിൻ തൈമൂർ, സയ്യിദ് താരിക് എന്നിവരുടെ സ്വകാര്യ വാഹനങ്ങളായിരുന്നു ഇവകളെന്നും അധികൃതർ പറഞ്ഞു. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെ രണ്ട് കാറുകളിൽ നിന്നാണ് ശേഖരം ആരംഭിക്കുന്നത്. കാലക്രമേണ അപൂർവ്വവും ആധുനികവുമായ കാറുകൾ കൂടി എത്തിയതോടെ ഈ ശേഖരം വളർന്നു. 2012ൽ ആണ് ഒരു പ്രത്യേക കെട്ടിടം രാജകീയ കാറുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചത്. ഇതുവരെ മ്യൂസിയത്തിലെ സന്ദർശനം രാജകീയ അതിഥികൾക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.

എന്നാൽ, രാജകീയ ഉത്തരവ് പ്രകാരം റോയൽ കാർസ് മ്യൂസിയത്തിന്റെ കവാടം പൊതുജനങ്ങൾക്കായി കൂടി തുറന്നിടുകയാണിപ്പോൾ. മ്യൂസിയത്തിന്റെ സന്ദർശന സമയം, നടപടികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട്‌ അധികൃതർ പുറത്തിവിടും. സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഉപയോഗിച്ചിരുന്നു രാജകീയ വാഹനം നേരത്തെ നിസ് വയിലെ ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top