അബുദാബി > അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ റൈഡ്- ഹെയ്‌ലിംഗ് സേവനമായ യാംഗോയുമായി ചേർന്നു പുതിയ ടാക്സി ബുക്കിംഗ് സേവനം ആരംഭിക്കുന്നു. യാംഗോ ആപ്പ് വഴി കൂടുതൽ കാര്യക്ഷമവും നൂതനവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്ത് എമിറേറ്റിലെ പൊതുഗതാഗതം വർദ്ധിപ്പിക്കാനാണ് ലക്‌ഷ്യം.
ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതു-സ്വകാര്യ ടാക്‌സികളെയും സുരക്ഷിതമായ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കുന്നതാണ് ഈ സംരംഭമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. അബുദാബിയുടെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് കാർബൺ കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഇത് യോജിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണ ഘട്ടത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ അബുദാബിയിൽ പ്രവർത്തിക്കുന്ന 300 ടാക്‌സികളിലൂടെ 8,000-ലധികം യാത്രകൾ യാംഗോ ആപ്പ് സുഗമമാക്കി.
അറബിക്, ഇംഗ്ലീഷ് ഭാഷകൾ ആപ്പിലുണ്ട്. ആപ്പിൽ 1,500 ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഷ്‌ടപ്പെട്ട വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിത സംവിധാനവും ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..