23 December Monday

ഇന്ത്യൻ സ്കൂളുകളിൽ ടെക്സ്റ്റ് ബുക്ക് ക്ഷാമം; ആശങ്കയുമായി രക്ഷിതാക്കൾ: അംബാസഡറുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മസ്കത്ത് > ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ  ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത  വിഷയത്തിൽ  രക്ഷിതാക്കളുടെ സംഘം  ഇന്ത്യൻ അംബാസ്സഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മുതിർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമാകാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയുയർത്തുന്നു.

വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിലും രക്ഷിതാക്കൾ ഇന്ത്യൻ അംബാസ്സഡർക്കു നിവേദനം നൽകിയിരുന്നു.   

കഴിഞ്ഞ അധ്യയന വർഷം മുതൽ   ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ  കേന്ദ്രീകൃത ബുക്ക് പർച്ചേയ്‌സ് സംവിധാനം സ്കൂൾ ഡയറക്ടർ ബോർഡ് ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി  എല്ലാ സ്കൂളികളിലേക്കുമുള്ള  ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു  ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.  

പുതിയ പരിഷ്കാരത്തിലെ അപാകതയും, പ്രായോഗിക പ്രശ്നങ്ങളും  രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ  മുമ്പ് പല തവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്  ബോർഡ് തീരുമാനവുമായി മുൻപോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത്  വിദ്യാർത്ഥികളിലും  രക്ഷിതാക്കളിലും കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, ഇത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.

പാഠപുസ്തകങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് അംബാസഡർ ഉറപ്പു നൽകി. ഒമാനിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗം നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ തങ്ങളുടെ സജീവ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന്  രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ  സോനാ ശശികുമാർ, കല പുരുഷൻ, പ്രജീഷ സജേഷ്, അനു ചന്ദ്രൻ, ശശികുമാർ, മിഥുൻ മോഹൻ, ബിബിൻ, സുബിൻ, ജാൻസ് അലക്സ്, അഭിലാഷ്, നവീൻ, ദിനേഷ്‌  ബാബു  എന്നിവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top